ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ; സവിശേഷമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന തെറ്റായ ധാരണ ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട: എ.എ. റഹീം
Kerala News
ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ; സവിശേഷമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന തെറ്റായ ധാരണ ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട: എ.എ. റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2023, 3:40 pm

തിരുവനന്തപുരം: എസ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കും ഓമനക്കുട്ടനുമെതിരെ മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റും എം.പിയുമായിരുന്ന എ.എ.റഹീം. ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് തിരിമറി വാര്‍ത്ത സമീപകാലത്ത് മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ധാര്‍മികത എന്നൊന്ന് വേണ്ടെന്നാണോ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് തിരിമറി വാര്‍ത്ത സമീപകാലത്ത് മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയായിരുന്നു. ഒരടിസ്ഥാനവുമില്ലാത്ത വാര്‍ത്ത. ആര്‍ഷോ എഴുതാത്ത പരീക്ഷയില്‍ ആര്‍ഷോയ്ക്ക് മാര്‍ക്ക് ദാനമായി കിട്ടി എന്നായിരുന്നു ആരോപണം.

ഈ പറയുന്ന പരീക്ഷ എഴുതാനുള്ള അപേക്ഷ പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു ആര്‍ഷോ. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടത് വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകന്‍ കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു. പകരം കള്ള വാര്‍ത്ത ബ്രേക്കിങ് ന്യൂസും രാത്രി ചര്‍ച്ചയുമൊക്കെയായി ആളിക്കത്തിച്ചു.

ഇത് യാദൃശ്ചികമല്ല. ആസൂത്രിതമാണ്. എസ്.ഫ്.ഐയെയും അതിന്റെ സെക്രട്ടറിയെയും പൊതുബോധത്തില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഗൂഢാലോചന ഇതില്‍ പകല്‍ പോലെ വ്യക്തമാണ്. ഓമനക്കുട്ടന്‍ നമുക്ക് മുന്നില്‍ ഇപ്പോഴും ജീവനോടെയുണ്ട്.
നിഷ്‌ക്കളങ്കനായ ഒരാളെ കള്ളനെന്ന് വിളിച്ചു.

ആ മണിക്കൂറുകളില്‍ അയാളും കുടുംബാംഗങ്ങളും അനുഭവിച്ച കടുത്ത മാനസിക വേദന എത്രമാത്രമായിരുന്നു എന്നാലോചിച്ചു നോക്കൂ.
യഥാര്‍ത്ഥത്തില്‍ ആര്‍ഷോ, മാര്‍ക്ക് തട്ടിപ്പ് നടത്തിയിട്ടില്ല. ഓമനക്കുട്ടന്‍ കള്ളനുമല്ല. എന്നാല്‍ ഈ വാര്‍ത്തകള്‍ കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണ്.

ഓമനക്കുട്ടനെതിരായ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ഒഴികെ മറ്റെല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ക്ഷമ ചോദിച്ചിരുന്നു. ആര്‍ഷോയുടെ വാദമാണ് ശരി എന്നും മാര്‍ക്ക് തിരിമറി എന്ന വാര്‍ത്ത തെറ്റാണെന്നും വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ ഇന്നലെ പറയുകയും ചെയ്തു.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് ധാര്‍മികത എന്നൊന്ന് വേണ്ടെന്നാണോ?,’ അദ്ദേഹം പറഞ്ഞു.

ആര്‍ഷോയ്‌ക്കെതിരെ കള്ള വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഓരോ മാധ്യമസ്ഥാപനവും എടുക്കാന്‍ പോകുന്ന നടപടി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടന ഓരോ പൗരനും നല്‍കുന്ന അവകാശങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആര്‍ഷോയ്ക്ക് എതിരെ കള്ള വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഓരോ മാധ്യമ സ്ഥാപനവും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടി എന്തായിരിക്കും?

തെറ്റ് ചെയ്യുന്ന ആള്‍ എന്ത് നടപടിയ്ക്കാണ് വിധേയമാകുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഉദാഹരണത്തിന് ആര്‍ഷോയ്ക്കെതിരായ വാര്‍ത്ത ശരിയാണെന്നും അയാള്‍ മാര്‍ക്ക് തട്ടിപ്പ് നടത്തിയിരുന്നു എന്നും കരുതുക. ആര്‍ഷോയ്ക്കെതിരെ കോളേജ്, സര്‍വകലാശാല നടപടികള്‍ വന്നേനെ.

ഇതിനകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേനെ. എസ്.എഫ്.ഐ അയാളെ സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന ഈ കൊടും കുറ്റത്തിന് എന്തുകൊണ്ടാണ് നടപടികള്‍ ഉണ്ടാകാത്തത്. ഭരണഘടന, ഏതൊരു പൗരനും നല്‍കിയിരിക്കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്‌പ്രെഷന്‍ എന്ന അവകാശത്തില്‍ കവിഞ്ഞ് മറ്റൊന്നും ഈ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല.

വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ എന്തോ സവിശേഷമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന ഒരു തെറ്റായ ധാരണയും ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട. നിങ്ങളുടെ വാര്‍ത്തകളില്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടാകണം. മറുഭാഗം കേള്‍ക്കണം, കേള്‍പ്പിക്കണം, ക്രോസ്ചെക്ക് ചെയ്ത് ശരി ജനങ്ങളെ അറിയിക്കണം,’ റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ.
ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് തിരിമറി വാര്‍ത്ത സമീപകാലത്ത് മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയായിരുന്നു. ഒരടിസ്ഥാനവുമില്ലാത്ത വാര്‍ത്ത. ആര്‍ഷോ എഴുതാത്ത പരീക്ഷയില്‍ ആര്‍ഷോയ്ക്ക് മാര്‍ക്ക് ദാനമായി കിട്ടി എന്നായിരുന്നു ആരോപണം.

ഈ പറയുന്ന പരീക്ഷ എഴുതാനുള്ള അപേക്ഷ പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു ആര്‍ഷോ. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടത് വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകന്‍ കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു. പകരം കള്ള വാര്‍ത്ത ബ്രേക്കിങ് ന്യൂസും രാത്രി ചര്‍ച്ചയുമൊക്കെയായി ആളിക്കത്തിച്ചു.

ഇത് യാദൃശ്ചികമല്ല. ആസൂത്രിതമാണ്. എസ.്എഫ്.ഐയെയും അതിന്റെ സെക്രട്ടറിയെയും പൊതുബോധത്തില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഗൂഢാലോചന ഇതില്‍ പകല്‍ പോലെ വ്യക്തമാണ്. ഓമനക്കുട്ടന്‍ നമുക്ക് മുന്നില്‍ ഇപ്പോഴും ജീവനോടെയുണ്ട്.
നിഷ്‌ക്കളങ്കനായ ഒരാളെ കള്ളനെന്ന് വിളിച്ചു.

ആ മണിക്കൂറുകളില്‍ അയാളും കുടുംബാംഗങ്ങളും അനുഭവിച്ച കടുത്ത മാനസിക വേദന എത്രമാത്രമായിരുന്നു എന്നാലോചിച്ചു നോക്കൂ.
യഥാര്‍ത്ഥത്തില്‍ ആര്‍ഷോ, മാര്‍ക്ക് തട്ടിപ്പ് നടത്തിയിട്ടില്ല. ഓമനക്കുട്ടന്‍ കള്ളനുമല്ല. എന്നാല്‍ ഈ വാര്‍ത്തകള്‍ കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണ്.

ഓമനക്കുട്ടനെതിരായ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ഒഴികെ മറ്റെല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ക്ഷമ ചോദിച്ചിരുന്നു. ആര്‍ഷോയുടെ വാദമാണ് ശരി എന്നും മാര്‍ക്ക് തിരിമറി എന്ന വാര്‍ത്ത തെറ്റാണെന്നും വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ ഇന്നലെ പറയുകയും ചെയ്തു.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് ധാര്‍മികത എന്നൊന്ന് വേണ്ടെന്നാണോ?

ഓമനക്കുട്ടനെതിരെ വ്യാജ വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആ മാധ്യമ സ്ഥാപനങ്ങളില്‍ നടപടിയുണ്ടായാതായി അറിയില്ല. ആര്‍ഷോയ്ക്ക് എതിരെ കള്ള വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഓരോ മാധ്യമ സ്ഥാപനവും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടി എന്തായിരിക്കും?

തെറ്റ് ചെയ്യുന്ന ആള്‍ എന്ത് നടപടിയ്ക്കാണ് വിധേയമാകുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഉദാഹരണത്തിന് ആര്‍ഷോയ്ക്കെതിരായ വാര്‍ത്ത ശരിയാണെന്നും അയാള്‍ മാര്‍ക്ക് തട്ടിപ്പ് നടത്തിയിരുന്നു എന്നും കരുതുക. ആര്‍ഷോയ്ക്കെതിരെ കോളേജ്, സര്‍വകലാശാല നടപടികള്‍ വന്നേനെ.

ഇതിനകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേനെ. എസ്.എഫ.ഐ അയാളെ സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന ഈ കൊടും കുറ്റത്തിന് എന്തുകൊണ്ടാണ് നടപടികള്‍ ഉണ്ടാകാത്തത്. ഭരണഘടന, ഏതൊരു പൗരനും നല്‍കിയിരിക്കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്‌പ്രെഷന്‍ എന്ന അവകാശത്തില്‍ കവിഞ്ഞ് മറ്റൊന്നും ഈ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല.

വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ എന്തോ സവിശേഷമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന ഒരു തെറ്റായ ധാരണയും ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട. നിങ്ങളുടെ വാര്‍ത്തകളില്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടാകണം. മറുഭാഗം കേള്‍ക്കണം, കേള്‍പ്പിക്കണം, ക്രോസ്ചെക്ക് ചെയ്ത് ശരി ജനങ്ങളെ അറിയിക്കണം.

വാര്‍ത്തകളില്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്തം കാണിക്കണം. നിങ്ങളൊഴികെ, മറ്റെല്ലാവരും ചാഞ്ഞു നില്‍ക്കുന്ന പാഴ്മരം മാത്രമാണെന്ന് കരുതരുത്.
ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ എല്ലാവര്‍ക്കും വ്യക്തിത്വവും അഭിമാനവുമുണ്ട്. അഭിമാനത്തോടെ ജീവിക്കാന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്ന ഉറപ്പ് വളരെ അമൂല്യമായതാണ്. അനര്‍ഘമായ ആ അവകാശത്തിനുമേല്‍ കടന്നുകയറാന്‍ ഒരാള്‍ക്കും അവകാശമില്ല.

content highlights: aa rahim about arsho issue