ഗണേശ ഘോഷയാത്ര; പളളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച് യുവാവ്
national news
ഗണേശ ഘോഷയാത്ര; പളളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച് യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2024, 6:38 pm

മുംബൈ: വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ മഹാരാഷ്ട്രയില്‍ മുസ്‌ലിം പള്ളിയെ പരിഹസിച്ച് യുവാവ്. അകോലയിലെ കച്ചി മസ്ജിദിന് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചാണ് മുസ്‌ലിം പള്ളിയെ യുവാവ് അപമാനിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. തുടര്‍ന്ന് യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. പിന്നാലെ യുവാവ് കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അകോല പൊലീസ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജപ്രചരണം സമൂഹത്തിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മാധവി ലത, പ്രചരണ റാലിക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ സമാനമായ ആംഗ്യം കാണിച്ചിരുന്നു.

ജയ് ശ്രീറാം എന്ന ആര്‍പ്പ് വിളികളോടെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന കാലയളവില്‍ പ്രസ്തുത പള്ളി തുണികൊണ്ട് മറച്ചിരുന്നു. പള്ളിയുടെ മിനാരങ്ങള്‍ മാത്രമാണ് പുറത്തുകണ്ടിരുന്നത്. ഈ മിനാരങ്ങളിലേക്കാണ് പ്രതീകാത്മകമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി അമ്പെയ്തത്.

തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ താന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് മാധവി ലത പരസ്യമായി പറയുകയും ചെയ്തു.

പോളിങ് ബൂത്തില്‍ കയറി മുസ്‌ലിം സ്ത്രീകളുടെ പക്കല്‍ നിന്ന് ഐ.ഡി കാര്‍ഡ് വാങ്ങി, അവരുടെ ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ട സംഭവത്തിലും മാധവി ലത നടപടി നേരിട്ടിരുന്നു. പോളിങ് സ്റ്റേഷനുള്ളില്‍ ചട്ടലംഘനം നടത്തിയതിന് ജനപ്രാതിനിധ്യ നിയമ പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോളിങ് ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു കേസ്.

Content Highlight: A young man mocked a mosque in Maharashtra during a procession related to Vinayaka Chaturthi