Kerala News
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 03:25 am
Tuesday, 11th February 2025, 8:55 am

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് സ്വദേശി മനു (45) ആണ് മരിച്ചത്. രാവിലെയോടെ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് യുവാവിനെ ആന ആക്രമിച്ചത്. ഇന്നലെ (തിങ്കള്‍) വൈകീട്ടാണ് സംഭവം നടന്നത്. രാത്രിയോടെ യുവാവ് മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. കാടിനുള്ളില്‍ നിന്നാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

വനംവകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പുറത്തെത്തിക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് മാസത്തിനിടെ വയനാട്ടില്‍ ഒമ്പത് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2024 ജൂലൈയില്‍ നൂല്‍പ്പുഴ മേഖലയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ (തിങ്കള്‍) ഇടുക്കിയില്‍ പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടിരുന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയിലാണ് കൊല്ലപ്പെട്ടത്. ടി.ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.

മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്. ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി സംഭവസ്ഥലത്ത് എത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം പോസ്റ്റ്മാര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം കളക്ടര്‍ കൈമാറുമെന്നും വിവരമുണ്ട്. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കാന്‍ കളക്ടര്‍ ശുപാര്‍ശയും നല്‍കും.

Content Highlight: A young man dead in a wild elephant attack in Wayanad; Two deaths in the state in 24 hours