നാണംകൊണ്ട് നഖചിത്രമെഴുതിയാല്‍ പോലും വെള്ളം കിനിഞ്ഞിരുന്ന നാട്ടില്‍ ലോറികളില്‍ എത്തുന്ന വെള്ളത്തിനായി കുടങ്ങള്‍ കാത്തിരിക്കുന്ന സങ്കടകരമായ കാഴ്ചയാണ് ഇക്കുറി വരവേറ്റത്. തമിഴകം കടന്ന കൗതുകവുമായി ഒരു കാലത്ത് വന്നിരുന്ന പാണ്ടിക്കുടങ്ങളായിരുന്നു അധികവും. പല നിറത്തിലുള്ള പ്‌ളാസ്റ്റിക് കുടങ്ങള്‍ മഴവില്ലുകണക്കെ വിടര്‍ന്നു നിന്നു. കെ.എ. സൈഫുദ്ദീന്‍ എഴുതുന്നു…
[share]
കണ്മുന / കെ.എ. സൈഫുദ്ദീന്‍
പഴുത്ത് വിങ്ങിയ പാറക്കെട്ടുകള്‍ കയറിവരുന്ന പാലക്കാടന്‍ കാറ്റിന് മരുഭൂമിയുടെ മണമുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ മുഖത്തേക്ക് തീപ്പാകത്തില്‍ കാറ്റ് ആഞ്ഞടിക്കുന്നു. പേരും പെരുമയും കേട്ട പാലക്കാടന്‍ വയലേലകളില്‍ തീപിടിച്ച് കാറ്റ് പാഞ്ഞു നടക്കുന്നുണ്ട്.
ഇക്കുറി വേനല്‍ കടുക്കുമെന്ന് മാനംനോക്കി ആരും പറഞ്ഞുപോകും. കഴിഞ്ഞ തവണയും അവര്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞത്. ഓരോ കുറിയും കനത്തു കനത്ത് ഈ വേനല്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ആശങ്കപ്പെടുമ്പോള്‍ ഒരു കുറിയ പൈപ്പിന് മുന്നില്‍ നീണ്ടുകിടക്കുന്നു പ്‌ളാസ്റ്റിക്കില്‍ മെനഞ്ഞ പല പല നിറത്തിലുള്ള കുടങ്ങള്‍.
കമലഹാസന്റെയും രജനീകാന്തിന്റെയും സിനിമകളിലൂടെയാണ് ആദ്യമായി പ്‌ളാസ്റ്റിക് കുടങ്ങളെ പരിചയപ്പെടുന്നത്. വില്ലന്‍മാരുടെ പടയെ നായകന്‍ ഒറ്റനിപ്പിന് നിന്ന് ഇടിച്ചു പരത്തുമ്പോള്‍ നാലുപാടും ചിതറുന്ന പഴം പച്ചക്കറി പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പല പല നിറത്തിലുള്ള പ്‌ളാസ്റ്റിക് കുടങ്ങളും പാറി നടക്കുന്നത് നാട്ടിലെ ഓല മേഞ്ഞ കൊട്ടകയിലെ കാറ്റിലാടുന്ന തിരശ്ശീലയില്‍ എത്രയോ വട്ടം കണ്ട് കൈയടിച്ചിരിക്കുന്നു.
തമിഴ്‌നാട്ടില്‍ പച്ചക്കറിക്ക് വില കുറവായതുകൊണ്ടാണ് അവര്‍ ഉള്ളിയും പച്ചമുളകും തക്കാളിയുമൊക്കെ ഇടിരംഗങ്ങളില്‍ എറിഞ്ഞുകളിക്കുന്നതെന്ന് ആരോ പറഞ്ഞുതന്നത് ഓര്‍ക്കുന്നു. അന്നും മലയാള സിനിമയില്‍ പച്ചക്കറിയുടെ ഇറക്കുമതി കുറവായിരുന്നു. പിന്നീട് അതുമുണ്ടായി. മലയാളമാണോ തമിഴാണോ എന്ന് തിരിച്ചറിയാനാവാത്ത സിനിമകളുടെ കുത്തൊഴുക്ക്.
കുളങ്ങള്‍ നിന്നിടത്ത് നല്ല നിലകളില്‍ വീടുകളും കടകളുമുയര്‍ന്നു. പാത്രവും വസ്ത്രവും കഴുകുകയും കുളിക്കുകയും ചെയ്തിരുന്ന തോടുകള്‍ പ്‌ളാസ്റ്റിക് കിറ്റുകളും മില്‍മ പാലിന്റെ കവറുകളും സാനിട്ടറി നാപ്കിനുകളും കോണ്ടവും കൊണ്ട് നിറഞ്ഞു. തോട്ടിലിറങ്ങിയാല്‍ കാല്‍ മുറിച്ചുകളയണമെന്ന അവസ്ഥയിലായി.
പ്‌ളാസ്റ്റിക് കുടങ്ങള്‍ ഒരുകാലത്ത് തമിഴകത്തിന്റെ ഐഡന്റിറ്റി കാര്‍ഡു പോലുമായിരുന്നു. പക്ഷേ, പ്‌ളാസ്റ്റിക് കുടങ്ങള്‍ ചിതറിത്തെറിച്ച തമിഴ് സിനിമകളില്‍ കുടങ്ങളൊക്കെ കാലിയായിരുന്നുവല്ലോ എന്ന് ഇപ്പോഴാണ് ഓര്‍മ വരുന്നത്. പച്ചക്കറിയെക്കാള്‍ തമിഴര്‍ക്ക് വിലപ്പെട്ടത് വെള്ളമായതുകൊണ്ടാവാം കുടങ്ങള്‍ കാലിയായിരുന്നത് എന്ന് ഇപ്പോള്‍ യുക്തിപൂര്‍വം മനസ്സ് സ്ഥാപിച്ചെടുക്കുന്നു.
മുല്ലപ്പെരിയാറിന് വേണ്ടി ഉയിര്‍കൊടുക്കാന്‍ പോലും തമിഴന്‍ ഒരുങ്ങുന്നതും, അവര്‍ വെള്ളം നാലുപാടുനിന്നും അടിച്ചുമാറ്റുന്നത് മലയാളി കൈയുംകെട്ടി നോക്കിനില്‍ക്കുന്നതും പിന്നെ വെറുതെയാണോ..?
സ്‌കൂളില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ടൂറിനിടയിലാണ് ആദ്യമായി പ്‌ളാസ്റ്റിക് കുടങ്ങള്‍ നേരില്‍ കാണുന്നത്. കുടങ്ങളുടെ പോലെ കടും നിറങ്ങളുള്ള ചേലയണിഞ്ഞ് പെണ്ണുങ്ങള്‍ ഒക്കത്തും തലച്ചുമടുമായി വെള്ളം കോരി കൊണ്ടുപോകുന്ന കാഴ്ച അമ്പലത്തിലെ കെട്ടുകാഴ്ചയെ ഓര്‍മിപ്പിച്ചു.
പിന്നീട് ഞങ്ങളുടെ നാട്ടിലും പ്‌ളാസ്റ്റിക് കുടങ്ങളെത്തി. പഴനിയില്‍ നേര്‍ച്ചയിടാന്‍ പോയ സംഘം ബസിന് മുകളില്‍ കുടങ്ങള്‍ കെട്ടിവെച്ച് നാട്ടിലത്തെിച്ചു. കുളക്കടവിലും കിണറ്റുവക്കിലും അലൂമിനിയം കുടത്തേക്കാള്‍ മേന്മനേടി പ്‌ളാസ്റ്റിക് കുടങ്ങള്‍.
അടുത്തപേജില്‍ തുടരുന്നു
പുലര്‍ച്ചെയില്‍ എണീറ്റ് പുഴയില്‍ മുങ്ങിനിവര്‍ന്ന പ്രായമായവര്‍ പോലും എണ്ണയും സോപ്പുമായി വീടുകള്‍ക്കുള്ളിലേക്ക് കയറിപ്പോയി. അങ്ങനെയാണ് ഞങ്ങളുടെ നാട്ടിലെ കുളിക്കടവുകള്‍ അപ്രത്യക്ഷമായത്. ബാല്യക്കാര്‍ നീന്തല്‍ അറിയാത്തവരും പുഴയില്‍ മുങ്ങിമരിക്കുന്നവരുമായി മാറിയത്.
[share]
തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്നതാണെന്ന് പറഞ്ഞ് പെണ്ണുങ്ങള്‍ പെരുമ നടിച്ചപ്പോള്‍ അലൂമിനിയത്തിന്റെയും ചെമ്പിന്റെയും കുടങ്ങള്‍പോലും ചെറുതായിപ്പോയതായി ചിലര്‍ക്ക് തോന്നി. നാടോടികളും ആക്രിക്കടക്കാരും ശേഖരിക്കുന്ന പഴയ പ്‌ളാസ്റ്റിക്കുകള്‍ ഉടച്ച് ഉരുക്കിയെടുത്താണ് ഈ കുടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന അറിവ് നാട്ടില്‍ പരക്കുവോളം തമിഴ്‌നാട്ടിലെ ഏഴൈപ്പാളികളുടെ ഈ കുടങ്ങള്‍ ഡിമാന്റിട്ട് നിന്നു.
ഇക്കുറി നാട്ടില്‍ ചെല്ലുമ്പോഴും കണ്ടു പൈപ്പിന് ചുവട്ടില്‍ നിരന്നിരിക്കുന്ന പ്‌ളാസ്റ്റിക് കുടങ്ങളെ. കേരളത്തിന്റെ ഒട്ടുമിക്ക നാട്ടിന്‍പുറങ്ങളിലും പൈപ്പിന് ചുവട്ടില്‍ കാത്തുകെട്ടി കിടക്കുന്ന കുടങ്ങളുടെ എണ്ണം പെരുകുന്നത് ഓരോ വേനലിലും മാറ്റമില്ലാത്ത കാഴ്ചയായി തുടരുന്നു. എത്ര തവണ കണ്ട് പഴകിയിട്ടും എന്തുകൊണ്ടാണെന്നറിയില്ല പ്‌ളാസ്റ്റിക് കുടങ്ങള്‍ ഒരു കൗതുകമായി ഇപ്പോഴും കൂടെയുണ്ട്.
ഏറെ കാലത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള വരവില്‍ വഴിനീളെ സ്വീകരിച്ചത് ഉണങ്ങിവരണ്ട പൈപ്പിന് ചുവട്ടില്‍ അക്ഷമയോടെ കാത്തിരിക്കുന്ന പല നിറത്തിലുള്ള കുടങ്ങളായിരുന്നു. എപ്പോഴെങ്കിലും വരുന്ന ഒരു തുള്ളി വെള്ളത്തിനായി ആ കുടങ്ങള്‍ തൊണ്ട വരണ്ടിരിക്കുന്ന കാഴ്ച തികച്ചും അപരിചിതമായിരുന്നു. ഒക്കത്തേന്തിയ കുടങ്ങളില്‍ നിറഞ്ഞു തുളുമ്പി കുളങ്ങള്‍ വീടുകളിലേക്ക് കയറിപ്പോകുന്നത് കണ്ടുവളര്‍ന്ന ബാല്യ കാലത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാഴ്ച.
പച്ചക്കറിയെക്കാള്‍ തമിഴര്‍ക്ക് വിലപ്പെട്ടത് വെള്ളമായതുകൊണ്ടാവാം കുടങ്ങള്‍ കാലിയായിരുന്നത്
എല്ലാ നാട്ടിലെയും പോലെ അത്രമാത്രം കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടിലും. കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ വെവ്വേറെ കുളങ്ങള്‍. കരയില്‍ വെള്ളത്തിന്റെ നടുവിലേക്ക് തടിപ്പാലം തീര്‍ത്ത് വെള്ളം കോരാന്‍ തൊട്ടിയും കയറും കരുതിവെച്ചിരുന്നു ആ കുളങ്ങളില്‍.
കളിച്ചുകുഴയുമ്പോള്‍ മണ്ണിന്റെ രുചിയുള്ള ആ കുളത്തിലെ വെള്ളം കൈക്കുടന്നയില്‍ കോരി ആവോളം കുടിച്ച കുട്ടികള്‍ക്ക് ഒരു പകര്‍ച്ചവ്യാധിയും വന്നിട്ടില്ല. ഒരസുഖവും അവരെ തീണ്ടിയിരുന്നുമില്ല.
അക്കാലത്ത് പൈപ്പ് വെള്ളത്തെ വളരെ കുറച്ചുപേര്‍ മാത്രമേ ആശ്രയിച്ചിരുന്നുള്ളു. സ്‌കൂളിലേക്കുള്ള വഴിയില്‍ ഒന്നു രണ്ട് പൈപ്പുകള്‍ റോഡരികില്‍ മുന കൂര്‍ത്ത ടാപ്പുകളുമായി എഴുന്നേറ്റ് നിന്നു. അതിന് കീഴില്‍ കുടങ്ങള്‍ അപൂര്‍വമായിരുന്നു.
തുറന്ന ടാപ്പിന് കീഴില്‍ കൈപ്പടം നിവര്‍ത്തിപ്പിടിക്കുമ്പോള്‍ ചീറ്റിത്തെറിക്കുന്ന വെള്ളത്തില്‍ മഴവില്ല് കാണാനും കൂട്ടുകാരുടെ കുപ്പായങ്ങള്‍ നനയ്ക്കാനും ആ പൊതുടാപ്പുകള്‍ ഉപകരിച്ചു. രണ്ട് കിലോ മീറ്റര്‍ അകലെയുള്ള ചെറിയൊരു വാട്ടര്‍ ടാങ്കില്‍നിന്നായിരുന്നു ആ പൈപ്പുകള്‍ ഞങ്ങളുടെ ദേശാതിര്‍ത്തിയില്‍ വന്ന് മുട്ടിനിന്നത്.
അങ്ങനെയിരിക്കെ ഒരു നാള്‍ റോഡരികുകളില്‍ പൈപ്പുകള്‍ വന്നിറങ്ങി. വെളുത്തുരുണ്ട പി.വി.സി പൈപ്പുകള്‍. പിന്നീട് കുറേ തമിഴരെയും അതേ വണ്ടികള്‍ നാട്ടു കവലകളില്‍ കൊണ്ടുവന്നിറക്കി. പിന്നെ കൈക്കോട്ടും പിക്കാസുമൊക്കെയായി അവര്‍ റോഡരിക് കിളച്ചു മറിച്ച് പൈപ്പിട്ടു.
കുറച്ചപ്പുറത്ത് കൂറ്റനൊരു വാട്ടര്‍ ടാങ്കിന്റെ പണിയും തുടങ്ങി. നല്ല വെള്ളത്തിന് ക്ഷാമമില്ലാത്ത നാട്ടില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനെന്ന പേരില്‍ രാഷ്ട്രീയക്കാര്‍ കവല പ്രസംഗങ്ങള്‍ നിരത്തി.
വീടുവീടാന്തരം കണക്ഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ വാചാലരായി. വീടിന്റെ മുകളില്‍ ടാങ്ക് കെട്ടി വെള്ളം നിറയ്ക്കാമെന്നും ബാത്ത് റൂമിലും കക്കൂസിലുമൊക്കെ ആവശ്യത്തിന് വെള്ളം ഒഴുകിയത്തെുമെന്നുമൊക്കെ ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും വീടുകള്‍ക്കകത്തേക്ക് പൈപ്പ് വെള്ളത്തിന് വഴി വെട്ടിക്കൊടുക്കാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
അടുത്തപേജില്‍ തുടരുന്നു
നാടോടികളും ആക്രിക്കടക്കാരും ശേഖരിക്കുന്ന പഴയ പ്‌ളാസ്റ്റിക്കുകള്‍ ഉടച്ച് ഉരുക്കിയെടുത്താണ് ഈ കുടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന അറിവ് നാട്ടില്‍ പരക്കുവോളം തമിഴ്‌നാട്ടിലെ ഏഴൈപ്പാളികളുടെ ഈ കുടങ്ങള്‍ ഡിമാന്റിട്ട് നിന്നു.
[share]
പൊതു ടാപ്പുകള്‍ കവലകള്‍ തോറും ഉയര്‍ന്നുവന്നു. അതിന് ചുറ്റും സിമന്റ് മെഴുകി വെടിപ്പാക്കിയ ചെറുമുറ്റത്തോടുകൂടി നിന്ന ടാപ്പുകള്‍ ഒരു ചെറിയ നടുമുറ്റത്തെ ഓര്‍മ്മിപ്പിച്ചു.
ഒടുവില്‍ ആ ദിവസം വന്നെത്തി….
പൈപ്പിലൂടെ വെള്ളം ചീറ്റിയത്തെിയ ദിവസം. കലങ്ങി മറിഞ്ഞ് ചേറ് നാറ്റവുമായി വീടകങ്ങളില്‍ വരെ എത്തി പുതുവെള്ളം. ഇതോ പെരുമ കേട്ട പൈപ്പുവെള്ളം എന്ന് അന്തംവിട്ടവരോട് വീട്ടിലെ എല്ലാ ടാപ്പുകളും ഒന്നു രണ്ട് ദിവസം തുറന്നിടാന്‍ വാട്ടര്‍ അതോറിറ്റി വക ഉപദേശികളെത്തി. പൊതു ടാപ്പുകള്‍ നിര്‍ത്താതെ ഒഴുകി.
രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം കണ്ണുനീര്‍ കണക്കെ തെളിഞ്ഞുവന്നു. പിന്നെ നാട്ടില്‍ രണ്ടുതരം വീടുകളുണ്ടായി. പൈപ്പ് കണക്ഷന്‍ ഉള്ള വീടും ഇല്ലാത്ത വീടും.
വാര്‍പ്പ് കെട്ടിടങ്ങള്‍ക്കു മുകളിലും ഓടിട്ട വീടിന്റെ ചിമ്മിനിക്കു മുകളിലും തലയെടുപ്പോടെ വാട്ടര്‍ ടാങ്കുകള്‍ ഉയര്‍ന്നുവന്നു. വീട്ടിലും കുളിമുറിയിലും കക്കൂസിലുമെല്ലാം തെളിനീര്‍ പ്രവാഹം. കുളങ്ങളിലേക്കും കിണറ്റിന്‍ കരയിലേക്കും ഒക്കത്തേറി പോയിരുന്ന കുടങ്ങള്‍ പൊതു ടാപ്പുകള്‍ക്കുമുന്നില്‍ ശാന്തിക്കാരനില്‍നിന്ന് പ്രസാദം വാങ്ങാന്‍ ഭക്തജനങ്ങള്‍ നില്‍ക്കുന്ന പോലെ കാവല്‍ കിടന്നു.
വീടിന്റെ മൂലയില്‍ ഒതുക്കി വെച്ചിരുന്ന കുടം ഒക്കത്തെടുത്ത് കിണറുകളുടെയും കുളങ്ങളുടെയും പടവ് തേടിയത്തെിയപ്പോള്‍ അതെല്ലാം ചവറു കുഴികളായി മാറിക്കഴിഞ്ഞിരുന്നു.
പുലര്‍ച്ചെയില്‍ എണീറ്റ് പുഴയില്‍ മുങ്ങിനിവര്‍ന്ന പ്രായമായവര്‍ പോലും എണ്ണയും സോപ്പുമായി വീടുകള്‍ക്കുള്ളിലേക്ക് കയറിപ്പോയി. അങ്ങനെയാണ് ഞങ്ങളുടെ നാട്ടിലെ കുളിക്കടവുകള്‍ അപ്രത്യക്ഷമായത്. ബാല്യക്കാര്‍ നീന്തല്‍ അറിയാത്തവരും പുഴയില്‍ മുങ്ങിമരിക്കുന്നവരുമായി മാറിയത്.
പക്ഷേ, കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂറ്റന്‍ വാട്ടര്‍ ടാങ്ക് അടര്‍ന്ന് വീഴാന്‍ തുടങ്ങി. നിര്‍മാണത്തിലെ കൃത്രിമമെന്ന് പത്രങ്ങള്‍ വാര്‍ത്തയാക്കി. പിന്നെ അപകടഭീഷണിയായപ്പോള്‍ മൂടോടെ പൊളിച്ചുമാറ്റി. അതോടെ വെള്ളത്തിന്റെ പഴയ ഒഴുക്കു നിലച്ചു.
പൊതു ടാപ്പുകളും വീടിനു മുകളിലെ ടാങ്കുകളും പാഴ്‌വസ്തുക്കളായി മാറി. വല്ലപ്പോഴും പൈപ്പിലൂടെ നൂണ്ടിഴഞ്ഞ് വന്ന വെള്ളത്തിന്റെ അലകള്‍ക്ക് വീടോളം ഉയരത്തില്‍ പതഞ്ഞുകയറാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അത്രയും ദൂരെ നിന്നുള്ള വാട്ടര്‍ ടാങ്കില്‍നിന്ന് ഔദാര്യപൂര്‍വം വന്നതായിരുന്നു ആ കുടിനീര്.
വീടിന്റെ മൂലയില്‍ ഒതുക്കി വെച്ചിരുന്ന കുടം ഒക്കത്തെടുത്ത് കിണറുകളുടെയും കുളങ്ങളുടെയും പടവ് തേടിയത്തെിയപ്പോള്‍ അതെല്ലാം ചവറു കുഴികളായി മാറിക്കഴിഞ്ഞിരുന്നു. പഞ്ചായത്ത് കിണറുകള്‍ സൊറ പറഞ്ഞിരിക്കാനുള്ള വഴിയമ്പലങ്ങളായി.
അടുത്തപേജില്‍ തുടരുന്നു
കമലഹാസന്റെയും രജനീകാന്തിന്റെയും സിനിമകളിലൂടെയാണ് ആദ്യമായി പ്‌ളാസ്റ്റിക് കുടങ്ങളെ പരിചയപ്പെടുന്നത്. വില്ലന്‍മാരുടെ പടയെ നായകന്‍ ഒറ്റനിപ്പിന് നിന്ന് ഇടിച്ചു പരത്തുമ്പോള്‍ നാലുപാടും ചിതറുന്ന പഴം പച്ചക്കറി പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പല പല നിറത്തിലുള്ള പ്‌ളാസ്റ്റിക് കുടങ്ങളും പാറി നടക്കുന്നത് നാട്ടിലെ ഓല മേഞ്ഞ കൊട്ടകയിലെ കാറ്റിലാടുന്ന തിരശ്ശീലയില്‍ എത്രയോ വട്ടം കണ്ട് കൈയടിച്ചിരിക്കുന്നു.
[share]
കുളങ്ങള്‍ നിന്നിടത്ത് നല്ല നിലകളില്‍ വീടുകളും കടകളുമുയര്‍ന്നു. പാത്രവും വസ്ത്രവും കഴുകുകയും കുളിക്കുകയും ചെയ്തിരുന്ന തോടുകള്‍ പ്‌ളാസ്റ്റിക് കിറ്റുകളും മില്‍മ പാലിന്റെ കവറുകളും സാനിട്ടറി നാപ്കിനുകളും കോണ്ടവും കൊണ്ട് നിറഞ്ഞു. തോട്ടിലിറങ്ങിയാല്‍ കാല്‍ മുറിച്ചുകളയണമെന്ന അവസ്ഥയിലായി.
നാട്ടിലെ കുടിവെള്ള ക്ഷാമത്തിന്റെ പേരില്‍ പത്രങ്ങളുടെ മൂന്നാം പേജിലെ പ്രസ്താവനകള്‍ കൊണ്ട് സ്വയംഭോഗം ചെയ്ത് രാഷ്ട്രീയ നേതാക്കന്മാര്‍ രതിമൂര്‍ച്ഛ വരുത്തി.
അപ്പോഴാണ് വാട്ടര്‍ അതോറിറ്റിക്കാര്‍ക്ക് ബുദ്ധിയുദിച്ചത്. ഉയരത്തില്‍ കോണ്‍ക്രീറ്റ്‌കൊണ്ട് ടാങ്ക് പണിയുന്നതെന്തിന് കുഴല്‍ക്കിണറില്‍നിന്ന് നേരിട്ട് ലൈനിലേക്ക് അങ്ങ് അടിച്ചു വിട്ടാല്‍ പോരേ…
ആകെ ചെയ്തിരുന്ന ക്‌ളോറിന്‍ കലക്കല്‍ പരിപാടി പോലും വേണ്ട. അങ്ങനെ വീണ്ടും പൈപ്പുകളില്‍ വെള്ളമത്തെി. അപ്പോഴേക്കും പൊതു ടാപ്പുകള്‍ ഓര്‍മയായി മാറിയിരുന്നു. നേരിട്ട് പമ്പ് ചെയ്തതിന്റെ ആഘാതം താങ്ങാനാവാതെ പലയിടത്തും പൈപ്പ് പൊട്ടി. പമ്പിംഗ് നിലയ്ക്കുമ്പോള്‍ പൊട്ടിയ വിടിവിലൂടെ അകത്തേക്കിറങ്ങിയ മാലിന്യങ്ങള്‍ മുതല്‍ മണ്ണിര വരെയുള്ള ഉരുപ്പടികള്‍ പമ്പിംഗ് പുനരരാരംഭിക്കുമ്പോള്‍ വീട്ടിലെ കുടത്തില്‍ വിരുന്നുകാരായി വന്നു.
ഒടുവില്‍ അതും മുടങ്ങി. വാട്ടര്‍ അതോറിറ്റി കാശുമുടക്കി കുത്തിയ കുഴല്‍ക്കിണറില്‍ പോലും വെള്ളമില്ലാതായി. ഇല്ലാത്ത വെള്ളത്തിനായി ആക്രാന്തപ്പെട്ട് മോട്ടോറുകള്‍ അകാലചരമമടയുന്നത് മിക്ക പമ്പുകളുടെയും പതിവായി മാറിയപ്പോള്‍ പമ്പ് ഹൗസുകളിലേക്ക് മദ്യപന്മാര്‍ കൂടുകൂട്ടി. ബിവറേജസില്‍ മാത്രം വെള്ളം മുട്ടിയില്ല. കുടിവെള്ളത്തേക്കാള്‍ നീണ്ട ക്യൂ അവിടെയായിരുന്നു എപ്പോഴും.
നാണംകൊണ്ട് നഖചിത്രമെഴുതിയാല്‍ പോലും വെള്ളം കിനിഞ്ഞിരുന്ന നാട്ടില്‍ ലോറികളില്‍ എത്തുന്ന വെള്ളത്തിനായി കുടങ്ങള്‍ കാത്തിരിക്കുന്ന സങ്കടകരമായ കാഴ്ചയാണ് ഇക്കുറി വരവേറ്റത്. തമിഴകം കടന്ന കൗതുകവുമായി ഒരു കാലത്ത് വന്നിരുന്ന പാണ്ടിക്കുടങ്ങളായിരുന്നു അധികവും. പല നിറത്തിലുള്ള പ്‌ളാസ്റ്റിക് കുടങ്ങള്‍ മഴവില്ലുകണക്കെ വിടര്‍ന്നു നിന്നു.
മഴയും വെള്ളവും ആവോളം അനുഗ്രഹിച്ചിരുന്ന ഈ നാട് ഇങ്ങനെ നെട്ടോട്ടമോടുമ്പോള്‍ മറ്റൊരു കാഴ്ചകൂടിയുണ്ടായിരുന്നു…
ചുറ്റിനും രാമച്ചംവെച്ചുപിടിപ്പിച്ച ഒരു കുളത്തില്‍നിന്ന് ഇപ്പോഴും ഇടമുറിയാതെ വെള്ളംകോരി കൊണ്ടുപോകുന്ന കാഴ്ച. ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറ്റാതെ കുടിക്കാനുമൊക്കെ നാട്ടുകാര്‍ ഇപ്പോഴും ആശ്രയിക്കുന്നു ഈ കുളത്തെ. വര്‍ഷംതോറും വെട്ടിവെടിപ്പാക്കി പരിപോലിച്ചുപോരുന്നു ഈ കുളം.
എല്ലാ വിശുദ്ധിയോടെയും എത്രയോ തലമുറകളായി വെള്ളമെടുത്ത് തൊണ്ട നനച്ചിരുന്ന ഞങ്ങളുടെ നാട്ടിലെ ഈ കുളം ഇനി എത്രകാലം ശേഷിക്കും എന്നറിയില്ല. എങ്കിലും, കുളമെന്നാല്‍ നികത്തി കെട്ടിടം പണിയേണ്ടതാണെന്ന് വിശ്വസിക്കുന്നവര്‍ക്കു മുന്നില്‍ മ്യൂസിയം പീസായി ഈ കുളം എന്നെന്നും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു…