വര്‍ക്കല: പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ യുവതിയില്‍ നിന്ന് ആശുപത്രിയില്‍ വെച്ച് ഇന്‍സ്ട്രക്ടര്‍ വെള്ള പേപ്പര്‍ ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണം. അപകടത്തില്‍ പരിക്കേറ്റ കൊയമ്പത്തൂര്‍ സ്വദേശി പവിത്രയില്‍ നിന്ന് ഇന്‍സ്ട്രക്ടറായ സന്ദീപും ജീവനക്കാരും സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരിയാണെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പവിത്ര ബഹളം വെച്ചിട്ടും ഗ്ലൈഡിങ് തുടര്‍ന്നുവെന്നും ഇക്കാര്യങ്ങള്‍ സന്ദീപ് പരിഗണിച്ചില്ലെന്നുമുള്ള പരാതികളും ഉയരുന്നുണ്ട്.
അതേസമയം സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും കേസെടുക്കുകയും ചെയ്തു. അലക്ഷ്യമായ പാരാഗ്ലൈഡിങ് നടത്തിയതാണ് അപകട കാരണമെന്നും ഗ്ലൈഡിങ് തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ നിയന്ത്രണം നഷ്ടമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
സംഭവത്തില്‍ സന്ദീപ് അടക്കം മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.