Entertainment news
നാട്യശാസ്ത്രത്തിന്റെ പുനര്‍വായനയില്‍ തെളിയുന്നത് ബോഡി ഷെയ്മിങ്ങ്, ജാതീയത, സ്ത്രീ വിവേചനം; ജാതി തന്നെയാണ് ഇന്നും പ്രശ്‌നം: ജിജോയ് പി.ആര്‍

ജാതി തന്നെയാണ് ഇന്നും ഇന്ത്യയിലെ പ്രശ്‌നമെന്ന് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജിജോയ് പി.ആര്‍. കഴിഞ്ഞ 2000 വര്‍ഷമായി ഇന്ത്യന്‍ സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നു എന്നും ഇന്നും ആ അവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യാതെ ഒരടി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ കലയുടെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി കണക്കാക്കുന്ന നാട്യശാസ്ത്രത്തിന്റെ പുനര്‍വായനയില്‍ ജാതീയതയും സ്ത്രീ വിരുദ്ധതയും ബോഡി ഷെയ്മിങ്ങും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. നാട്യശാസ്ത്രത്തിന്റെ ഉത്ഭവത്തിന്റ ഐതീഹ്യം തന്നെ ജാതീയതയില്‍ അധിഷ്ഠിതമാണെന്നും ജിജോയ്  പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ സമൂഹത്തില്‍ കഴിഞ്ഞ 2000 വര്‍ഷമായുള്ള പ്രശ്‌നം ജാതീയത തന്നെയാണ്. ഇന്നും അതു തന്നെയാണ് അവസ്ഥ. അതിനെ അഡ്രസ് ചെയ്യാതെ ഒരടി നമുക്ക് മുന്നോട്ടുപോകാനാകില്ല.

ഞാന്‍ നാട്യ ശാസ്ത്രം പഠിപ്പിക്കുകയും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പും 2500 വര്‍ഷങ്ങള്‍ക്കിടയിലുമാണ് നാട്യശാസ്ത്രം എഴുതപ്പെട്ടത്. അതിലൊക്കെ കൃത്യമായിട്ട് ജാതീയതയുണ്ട്. ജാതിയതയും സ്ത്രീകളെ രണ്ടാം തരമായി കാണുന്ന പ്രശ്‌നങ്ങളും അന്ധവിശ്വാസങ്ങളുമുണ്ട്.

കലയുടെ ഒരു പസ്തകമായി പ്രധാനമായും ആശ്രയിക്കുന്നത് നാട്യശാസ്ത്രത്തെയാണ്. അതില്‍ ആറായിരം ശ്ലോകങ്ങള്‍ ഉണ്ടെങ്കില്‍ മുപ്പതോളം ശ്ലോകങ്ങളിലേ ഈ പ്രശ്‌നങ്ങളുള്ളൂ. അതിനെ നമ്മള്‍ അഡ്രസ് ചെയ്യണം. നാട്യശാസ്ത്രത്തില്‍ ഉണ്ട് എന്നത് കൊണ്ട് അത് ശരിയാണെന്ന് ധരിച്ചാല്‍ അത് കൂടുതല്‍ ദോഷം ചെയ്യുകയേയുള്ളൂ. അത് കൃത്യമായി ഇന്നയിന്ന കാര്യങ്ങള്‍ തെറ്റാണെന്നും, 2025ലെ പുനര്‍വായന എങ്ങനെയാണ് എന്ന് പറഞ്ഞും വേണം നമ്മള്‍ ക്ലാസെടുക്കാന്‍.

നാട്യശാസ്ത്രം ഉണ്ടാകുന്നത് തന്നെ നാല് വേദങ്ങള്‍ എല്ലാ സമൂഹങ്ങള്‍ക്കും വായിക്കാന്‍ പറ്റില്ലെന്നും അതിനാല്‍ അഞ്ചാമതൊരു വേദം ആവശ്യമാണെന്നുമുള്ള ചിന്തയില്‍ നിന്നാണ്. ഇതാണ് നാട്യശാസ്ത്രത്തിന്റെ ഉത്ഭവത്തിന്റെ ഐതീഹ്യം. അവിടെ തന്നെ ജാതീയതയുണ്ട്.

ചില പ്രത്യേക സമൂഹങ്ങള്‍ ചില പ്രത്യേക കഥാപാത്രങ്ങള്‍ ചെയ്യരുത് എന്നുള്ള വിവേചനം നാട്യശാസ്ത്രത്തിലുണ്ട്. ഭിന്നശേഷിയുള്ളവര്‍ ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കരുത് എന്ന നിലയിലും ബോഡിഷെയ്മിങ്ങ് ഉണ്ട്. കൈഷികി വൃത്തിക്ക് വേണ്ടിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വേണ്ടി അപ്‌സരസുകളെയാണ് സൃഷ്ടിക്കുന്നത്.

ഭരതന്‍ നാടകം കളിക്കാന്‍ ആവശ്യപ്പെടുന്നത് നൂറ് പുത്രന്‍മാരോടാണ്. വിദ്യാര്‍ത്ഥികളാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ ആവശ്യം വരുമ്പോള്‍ അപ്‌സരസുകളെ സൃഷ്ടിക്കാമെന്നാണ് പറയുന്നത്. അവിടെ പുത്രിമാരില്ലാത്തതിനാലാണോ? അതു കൈഷികിവൃത്തി വരുമ്പോഴാണ് സ്ത്രീകളെ സൃഷ്ടിക്കാമെന്ന് പറയുന്നത്. സൗന്ദര്യത്തിന് വേണ്ടി മാത്രം. അതല്ലാതെ പൊളിറ്റിക്കലായിട്ടുള്ള കഥാപാത്രങ്ങള്‍ക്കൊന്നും സ്ത്രീകളെ വേണ്ടേ?


ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ വേറെ പദപ്രയോഗങ്ങള്‍ കൊണ്ടാണ് നാട്യശാസ്ത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നിന്റെ വായനയില്‍ നില്‍ക്കുമ്പോഴാണ് നമുക്കത് തെറ്റാണെന്ന് മനസിലാകുന്നത്,’ ജിജോയ് രാജഗോപാല്‍ പറഞ്ഞു.

content highlights: A re-reading of Natyashastra reveals body shaming, casteism and discrimination against women; Caste is still the problem today: Jijoy P.R