Entertainment
ആ സിനിമയില്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡാണ്, അതിന്റെ ഭാഗമായതില്‍ സന്തോഷം: എ.ആര്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 12:12 pm
Thursday, 6th February 2025, 5:42 pm

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറിയ റഹ്‌മാന്‍ 32 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടാത്ത നേട്ടങ്ങളില്ല. തന്റെ മാസ്മരികസംഗീതത്തിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മദ്രാസിന്റെ മൊസാര്‍ട്ട് ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്ന ഗാനങ്ങള്‍ ഒരുക്കുന്നതില്‍ പിന്നോട്ട് പോയിട്ടില്ല.

എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. 38 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് ചിത്രത്തിന് മേലെ സിനിമാപ്രേമികള്‍ പുലര്‍ത്തുന്നത്. എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിന്റെ സംഗീതമൊരുക്കുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് എ.ആര്‍. റഹ്‌മാന്‍ കമല്‍ ഹാസന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

തഗ് ലൈഫ് എന്ന പ്രൊജക്ടില്‍ താന്‍ ഒരുപാട് എക്‌സൈറ്റഡാണെന്ന് പറയുകയാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്‌നം എന്ന മാജിക്കല്‍ സംവിധായകനും കമല്‍ ഹാസന്‍ എന്ന മാജിക്കല്‍ നടനും ഒന്നിക്കുന്ന സിനിമ അതിഗംഭീര അനുഭവമായിരിക്കുമെന്ന് റഹ്‌മാന്‍ പറഞ്ഞു. ആ സിനിമ കാണുമ്പോള്‍ എത്ര വലിയൊരു സിനിമയാണെന്ന് മനസിലാകുമെന്നും അത്ര ഗംഭീരമായാണ് ഒരുങ്ങുന്നതെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസന്റെ പ്രസന്‍സിനെ മണിരത്‌നം അവതരിപ്പിക്കുന്നത് മാജിക്കല്‍ ആയിട്ടുള്ള അനുഭവമാണെന്നും സിനിമ കാണുമ്പോള്‍ അത് അനുഭവിച്ചറിയാമെന്നും എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു. ആ സിനിമയുടെ ഭാഗമായതില്‍ താന്‍ ബ്ലെസ്ഡ് ആണെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു എ.ആര്‍. റഹ്‌മാന്‍.

‘തഗ് ലൈഫിനെക്കുറിച്ച് ചോദിച്ചാല്‍, ആ പ്രൊജക്ടില്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡാണ്. നിങ്ങള്‍ ആ സിനിമ കാണുമ്പോള്‍ മാത്രമേ അത് എത്രത്തോളം ഗംഭീരമാണെന്ന് അറിയുള്ളൂ. കമല്‍ ഹാസന്റെ പ്രസന്‍സ് മാജിക്കലാണ്. മണിരത്‌നവും അക്കാര്യത്തില്‍ മജീഷ്യനാണ്. രണ്ടുപേരും സിനിമയില്‍ ചെയ്തുവെച്ച മാജിക് കണ്ടറിയേണ്ടതാണ്. ആ പ്രൊജക്ടിന്റെ ഭാഗമായതില്‍ ബ്ലെസ്ഡ് ആണ് ഞാന്‍,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

കമല്‍ ഹാസന് പുറമെ സിലമ്പരസന്‍ ടി.ആര്‍, അശോക് സെല്‍വന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, നാസര്‍, അഭിരാമി തുടങ്ങി വന്‍ താരനിര തഗ് ലൈഫില്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: A R Rahman saying he is excited on Thug Life movie