Entertainment news
ഹൃദയം തിയേറ്ററില്‍ വര്‍ക്ക് ആവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 22, 05:56 pm
Saturday, 22nd July 2023, 11:26 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായ ചിത്രമായിരുന്നു ഹൃദയം. പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രത്തെ കുറിച്ച് സാംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുക്കന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹൃദയം സിനിമയിലെ ഒരു രംഗം കട്ട് ചെയ്യാന്‍ ആലോചിച്ചതിനെ പറ്റി വിനീത് പറയുന്നത്.

ഹൃദയത്തിലെ പാട്ടുകള്‍ കേട്ട് തെലുങ്കില്‍ നിന്ന് ഒരു പ്രൊഡ്യൂസര്‍ സിനിമയുടെ റീമേക്ക് അവകാശം വാങ്ങാന്‍ എത്തിയെന്നും അദ്ദേഹം സിനിമ കണ്ട ശേഷം നല്ല സീനുകള്‍ പലതുമുണ്ടെങ്കിലും ഹൃദയം തിയേറ്ററില്‍ വര്‍ക്ക് ആകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞെന്നുമാണ് വിനീത് പറയുന്നത്.

‘ഹൃദയം സിനിമ റിലീസ് ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പ് സിനിമയിലെ പാട്ടുകള്‍ കേട്ട് തെലുങ്കിലെ ഒരു പ്രൊഡ്യൂസര്‍ ഇതിന്റെ റൈറ്റ്‌സ് വാങ്ങാന്‍ വന്നു. അദ്ദേഹത്തെ ഞാന്‍ വീട്ടില്‍ ഇരുത്തി ഹൃദയം ഞാന്‍ കാണിച്ച് കൊടുത്തു, സിനിമ മുഴുവന്‍ കണ്ട് കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് ഇതില്‍ കുറെ നല്ല മൊമാന്റ്‌സ് ഉണ്ടെങ്കിലും തിയേറ്ററില്‍ വര്‍ക്ക് ആകില്ല എന്നാണ്.

ഇത് കേട്ടപ്പോള്‍ ഞാന്‍ രഞ്ജി ഏട്ടനെ (രഞ്ജന്‍ അബ്രഹാം: ഹൃദയം സിനിമയുടെ എഡിറ്റര്‍) വിളിച്ച് ഒരു സീന്‍ കട്ട് ചെയ്താലോ എന്ന് ചോദിച്ചു. പിറ്റേ ദിവസം രാവിലെ കട്ട് ചെയ്യുന്ന കാര്യം ഉറപ്പിക്കാം എന്ന് കരുതി. പക്ഷെ പിറ്റേ ദിവസം അത് വേണ്ട എന്ന് വെക്കുകയായിരുന്നു’, വിനീത് ശ്രീനിവാസന്‍ പറയുന്നു.

അതേസമയം വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്‍ 27 നാണ് റിലീസ് ചെയ്യുക. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോക്കും ഒപ്പം സുധീര്‍ കരമന, മാളവിക മേനോന്‍, അന്‍സിബ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlight: A producer was sayed that Hridyam not going to work in theaters says vineeth sreenivasan