Kerala News
സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിം ആയി മാറി; ഏക സിവില്‍ കോഡില്‍ എ.പി. അബ്ദുള്ള കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 04, 05:54 am
Tuesday, 4th July 2023, 11:24 am

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ള കുട്ടി. സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിം ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടര്‍ ടി.വിയോട് അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് ഒരു മതവിഷയമല്ലെന്നും ഇതിനെ ഒരു നിയമ വിഷയമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടെ പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള ഒരു തര്‍ക്കമുണ്ട്. അത് പരിഹരിക്കാനാകും. ഇവിടെ സമസ്ത ഒന്നിക്കുന്നു. സമസ്തയും മുസ്‌ലിം ലീഗും കൂടി സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്ന് വലിയ പ്രക്ഷോഭം ആരംഭിക്കാന്‍ പോകുന്നു എന്നൊക്കെയാണ് പറയുന്നത്. ഇവിടുത്തെ മുസ്‌ലിം വിഭാഗത്തെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്‍.ആര്‍.സിയെ കുറിച്ച് രാജീവ് ഗാന്ധി ആണ് ആദ്യം ആലോചന തുടങ്ങിയത്. പിന്നീട് സി.എ.എയിലേക്ക് എത്തി. അന്ന് സമസ്തയും മഹല്ല് കമ്മിറ്റിയും ഓരോ മഹല്ലിലും ഒന്നിച്ച് ജാഥ നടത്തിയിരുന്നു. ആ ജാഥയില്‍ സി.പി.ഐ.എം മാത്രമേ ഇല്ലാതിരുന്നുള്ളൂ.

ഇപ്രാവശ്യം സി.പി.ഐ.എം കൂടി ആ മഹല്ല് ജാഥയില്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. സി.പി.ഐ.എം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിം ആയി മാറിക്കൊണ്ടിരിക്കുകയാണ്. സി.എ.എ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ എന്താണ് ഇവര്‍ ജാഥ നടത്തി പ്രസംഗിച്ചത്. മുസ്‌ലിങ്ങളെയെല്ലാം പാകിസ്ഥാനിലേക്ക് പറഞ്ഞയക്കാന്‍ പോകുന്നുവെന്നാണ് അന്ന് പറഞ്ഞത്. ഏത് മുസ്‌ലിമാണ് പാകിസ്ഥാനിലേക്ക് പോയിട്ടുള്ളത്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് മുസ്‌ലിങ്ങളുടെ പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിക്ക് മുസ്‌ലിങ്ങളുടെ പിന്തുണ കൂടികൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങള്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി മുസ്‌ലിം മാറി. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത് കൊണ്ടാണ് ഞങ്ങള്‍ അവിടെ വിജയിച്ചത്.

യു.പിയിലെ കോണ്‍ഗ്രസ് ഭരണത്തില്‍ എന്തായിരുന്നു മുസ്‌ലിങ്ങള്‍ക്കിടയില്‍ സംഭവിച്ചത്. എവിടെയാണോ ഒരു ടാറിട്ട റോഡ് അവസാനിക്കുന്നത് അവിടെ നിന്ന് മുസ്‌ലിങ്ങളുടെ കോളനി ആരംഭിക്കും. എവിടെയാണോ ഒരു കുടിവെള്ള ലൈന്‍ അവസാനിക്കുന്നത് അവിടെ നിന്ന് മുസ്‌ലിം ഗ്രാമമായിരിക്കും. പാവപ്പെട്ട മുസ്‌ലിങ്ങളോട് ഉണ്ടായിരുന്ന അവഗണന അവസാനിപ്പിക്കുന്ന നേതാവാണ് യോഗി. അതുകൊണ്ടാണ് യു.പിയില്‍ ബി.ജെ.പിക്ക് മുസ്‌ലിങ്ങള്‍ക്കിടയില്‍ വോട്ട് കൂടി വരുന്നത്.

ഏക സിവില്‍ കോഡ് ഒരു മതവിഷയമല്ല. ഇതിനെ ഒരു നിയമ വിഷയമായി കാണണം. ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്, യു.ഡി.എഫിലെ ചിലരാണെന്ന് മനസിലാക്കണം,’ അദ്ദേഹം പറഞ്ഞു.

Content Highlight: A P Abdulla kutty cricise CPIM