കഴുത്തില്‍ തുളച്ചു കയറിയ ആ ബുള്ളറ്റ് തളര്‍ത്തിയില്ല; ഇന്ന് ആ മുസ്‌ലിം യുവതി സ്വന്തമായൊരു പള്ളിയുണ്ടാക്കി
Gender Equity
കഴുത്തില്‍ തുളച്ചു കയറിയ ആ ബുള്ളറ്റ് തളര്‍ത്തിയില്ല; ഇന്ന് ആ മുസ്‌ലിം യുവതി സ്വന്തമായൊരു പള്ളിയുണ്ടാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd August 2018, 10:19 am

 

തന്റെ കഴുത്തു തുളച്ചു കയറിയ ആ ബുള്ളറ്റിന്റെ വേദന സെയ്റന്‍ അതേസിന് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. ജീവിതത്തിനും മരണത്തിനുമിടയിലെ ചാഞ്ചാട്ടവും, ജീവിതത്തിലേക്ക് തനിക്ക് തിരിച്ചുവരണമെന്ന് ദൈവത്തോടു പറഞ്ഞതുമെല്ലാം സെയ്റന്‍ ഇന്നും വ്യക്തമായിത്തന്നെ ഓര്‍ക്കുന്നു.

പടിഞ്ഞാറന്‍ ബെര്‍ലിനിലെ ഒരു വിമന്‍സ് സെന്ററില്‍ ജോലി നോക്കുന്നതിനോടൊപ്പം നിയമപഠനവും മുന്നോട്ടു കൊണ്ടുപോയിരുന്ന ഒരു ഇരുപത്തൊന്നുകാരിയായിരുന്നു അവളപ്പോള്‍. ജീവിച്ചും ലോകം കണ്ടും അവള്‍ക്കു മതിയായിരുന്നില്ല.

“എനിക്കു തിരികെ പോകണമെന്ന് ഞാന്‍ ദൈവത്തോടു പറഞ്ഞു.” അമ്പത്തഞ്ചു വയസ്സെത്തിയ മുതിര്‍ന്ന അഭിഭാഷകയായി, സ്ത്രീസംരക്ഷണ പ്രവര്‍ത്തകയായി, ഇമാം ആകുവനായി പരിശ്രമിക്കുന്ന ഒരു പഠിതാവായി, ഇന്ന് അതേ സെയ്റന്‍ ആ ദിവസം ഓര്‍മിച്ചു കൊണ്ട് പറയുന്നു: “എനിക്ക് പൂര്‍ത്തീകരിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്നും ഞാന്‍ പറഞ്ഞു.”

ഒരു വര്‍ഷം മുന്‍പ് ഇബ്നു റഷദ് ഗഥേ പള്ളിയില്‍ ഇടകലര്‍ന്നിരുന്ന് പ്രാര്‍ത്ഥനാ വാചകങ്ങളുരുവിടുന്ന ഒരു സംഘം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മുന്‍പില്‍ നില്‍ക്കുമ്പോള്‍, മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഏറ്റെടുത്ത ആ ലക്ഷ്യം പൂര്‍ത്തീകരിച്ചതായി സെയ്റന്‍ തിരിച്ചറിഞ്ഞു. സ്ത്രീകളെ ഇമാമുകളായി അംഗീകരിക്കുന്ന ജര്‍മനിയിലെ ആദ്യത്തെ മുസ്ലിം പള്ളിയായിരുന്നു അത്. തലമറയ്ക്കാതെയും നീണ്ടമുടി വിരിച്ചിട്ടും മുസ്ലിം സ്ത്രീകള്‍ അവിടെ കാര്‍മികത്വം നിര്‍വഹിച്ചു.

ഈ മുസ്ലിം ആരാധനാലയത്തില്‍ ഇസ്ലാം മതവിശ്വാസിയായ ആര്‍ക്കും പ്രവേശനമുണ്ട്: സ്ത്രീക്കും പുരുഷനും ട്രാന്‍സ്ജെന്‍ഡറിനും സുന്നിക്കും ശിയായ്ക്കും സ്വവര്‍ഗ്ഗാനുരാഗിക്കുമെല്ലാം.

“രാഷ്ട്രീയ ഇസ്ലാമിന് ഒരു സന്ദേശം കൈമാറാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.” സെയ്റന്‍ പറയുന്നു. “തീവ്രവാദവുമായി പുലബന്ധം പോലുമില്ലാത്ത മറ്റൊരു ഇസ്ലാം നിലനില്‍ക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അവരോട് വിളിച്ചു പറയണം.”

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35 കോര്‍ അംഗങ്ങളുള്ള സംഘമായി വളര്‍ന്നിട്ടുള്ള ഈ കൂട്ടത്തില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ആഴ്ച തോറുമുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കാനും, സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്ക് ക്ലാസുകളെടുക്കാനും, ജനാധിപത്യത്തിനേയും സ്നേഹത്തിനേയും കുറിച്ച് സെമിനാറുകള്‍ നടത്താനും, ഇസ്ലാമിന്റെ ശരിയായ വിശദീകരണം ലോകത്തിന് നല്‍കാനും ഇവര്‍ സെയ്റനെ സഹായിക്കുന്നു.

പത്തു ലക്ഷത്തിലധികം മുസ്ലിം കുടിയേറ്റക്കാരാണ് അഭയം തേടി ജര്‍മനിയിലെത്തിയിരുന്നത്. ഈ കുടിയേറ്റ തരംഗത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മുസ്ലിം മതബോധത്തവും ഇസ്ലാം മുന്നോട്ടുവയ്ക്കുന്നു എന്ന് ആരോപിക്കപ്പെട്ട ഭീഷണികളും കാരണം രാജ്യത്ത് വലിയ തോതിലുള്ള ദേശീയവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരമുണ്ടായി. സാംസ്‌കാരിക യുദ്ധങ്ങളെന്നു വിശേഷിപ്പിക്കാവുന്ന സംഘര്‍ഷങ്ങളുണ്ടാകുന്ന അവസ്ഥയിലേക്കാണ് അവ വളര്‍ന്നത്.

ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപതിക്കുമെന്ന സാഹചര്യം വരെയുണ്ടായി. മെര്‍ക്കലും പാര്‍ട്ടിയിലെ ബ്രവേറിയന്‍ കണ്‍സര്‍വേറ്റീവുകളും തമ്മില്‍ അഭയാര്‍ത്ഥികളെ അതിര്‍ത്തി കടത്തിവിടുന്നതു സംബന്ധിച്ച് ഗൗരവമായ തര്‍ക്കങ്ങളാണുണ്ടായത്.

രാജ്യത്ത് അടുത്തിടെയുണ്ടായ ചില കുപ്രസിദ്ധ കൊലപാതകങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും പ്രതിസ്ഥാനത്ത് മുസ്ലിം കുടിയേറ്റക്കാരായിരുന്നു. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനിലെ ബ്രവേറിയന്‍ യാഥാസ്ഥിതികര്‍ തീവ്രവലതു പക്ഷപ്പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുമായി ചേര്‍ന്ന് ഇവര്‍ക്കെതിരെയും മറ്റ് അഭയാര്‍ത്ഥികള്‍ക്കെതിരെയും വിദ്വേഷപ്രചരണങ്ങള്‍ അഴിച്ചുവിട്ടു.

രാജ്യത്തെ എല്ലാ പൊതു കെട്ടിടങ്ങളിലും കുരിശ് സ്ഥാപിക്കുമെന്ന് പാര്‍ട്ടി ഉത്തരവിട്ടു. “ഇസ്ലാം ജര്‍മ്മനിയുടെ ഭാഗമല്ലെ”ന്ന് മെര്‍ക്കല്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായ ഹോര്‍സ്ത് സീഹോഫര്‍ പ്രഖ്യാപിക്കുക വരെ ചെയ്തു.

ഇത്തരം ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുമ്പോഴും ഗഥേ പള്ളി അതിനെയെല്ലാം അതിജീവിക്കുകയാണ്. തങ്ങള്‍ ജീവിക്കുന്ന പാശ്ചാത്യ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഇസ്ലാമിക രീതി ജര്‍മനിയിലെ മുസ്ലിങ്ങള്‍ക്ക് ആവശ്യമാണെന്നതിന്റെ തെളിവാണിതെന്ന് സെയ്റന്‍ പറയുന്നു.

തന്റെ ആരാധനാലയം അധികകാലം താണ്ടില്ലെന്നു വിധിയെഴുതിയവരുടെ മുന്‍പില്‍, ഒന്നാം വാര്‍ഷികം ആഘോഷിച്ച് അത് നിലനില്‍ക്കുന്നു. ഈയടുത്താണ് സെയ്റന്‍ രണ്ടു വര്‍ഷത്തേക്കു കൂടി കെട്ടിടത്തിന്റെ വാടകക്കരാര്‍ പുതുക്കിയെഴുതിയത്.

“പള്ളി തുറന്ന് ദിവസങ്ങള്‍ക്കു ശേഷം ഒരു ചെറുപ്പക്കാരന്‍ വന്ന് ഞങ്ങളോടു പറഞ്ഞു: നിങ്ങള്‍ ഇവിടെ അധികകാലം ഉണ്ടാവില്ല. അറബുകള്‍ നിങ്ങളെ അതിനനുവദിക്കില്ല.” സെയ്റന്‍ പറയുന്നു. നൂറുകണക്കിന് ആളുകളാണ് ഇന്ന് ജര്‍മനിയില്‍ നിന്നും യൂറോപ്പില്‍ നിന്നും പള്ളി സന്ദര്‍ശിക്കാനായി എത്തുന്നത്.

പള്ളിയുടെ ഉദ്ദേശശുദ്ധി അടുത്തറിയാവുന്നവര്‍ പ്രവര്‍ത്തനത്തിനായി സംഭാവനകള്‍ നല്‍കുക പതിവാണ്. ഇത്തരത്തില്‍ 500 യൂറോ വരെ നല്‍കുന്നവരുണ്ട്. എന്നാല്‍ പള്ളിക്ക് പുറത്തു നിന്ന് ധനസഹായമില്ലെന്നും പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്താറില്ലെന്നും സെയ്റന്‍ എടുത്തു പറയുന്നു.

“നിരീശ്വരവാദികള്‍ പോലും ഇവിടെ വന്ന് പള്ളിയെ പ്രശംസിക്കാറുണ്ടെന്നതാണ് സത്യം. സമാധാനം തേടി ആളുകളെത്തുന്ന സ്ഥലമാണിത്. ആത്മീയതയുടെ കേന്ദ്രം.” ആരാധനാമുറിയിലെ പരവതാനിയില്‍ നിന്നുകൊണ്ട് സെയ്റന്‍ പറയുന്നു. “എല്ലാ തരത്തിലുള്ളവരും, യുക്തിവാദികളുമെല്ലാം പള്ളിയില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത്രപേര്‍ ഇതില്‍ താല്‍പര്യം കാണിക്കുമെന്ന് കരുതിയിരുന്നില്ല. വലിയ അത്ഭുതമായിരുന്നു അത്.”

പള്ളി പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്നേ തന്നെ അപവാദകരമായ കമന്റുകളും വധഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സെയ്റന്‍ പറയുന്നു. “അല്ലാഹു നിങ്ങളെ നേര്‍വഴിക്കു നടത്തട്ടെ, അല്ലെങ്കില്‍ നശിപ്പിക്കട്ടെ” എന്നതായിരുന്നു തനിക്കു ലഭിച്ച ഏറ്റവും മാന്യമായ സന്ദേശങ്ങളിലൊന്ന് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്ലാം നീഡ്സ് എ സെക്ഷ്വല്‍ റെവല്യൂഷന്‍ എന്ന പുസ്തകം പ്രസാധനം ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സെയ്റയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തിയിരുന്നു. വധഭീഷണികള്‍ വര്‍ദ്ധിച്ചതോടെ സംരക്ഷണം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പള്ളി തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഈജിപ്ഷ്യന്‍ നീതിന്യായ മന്ത്രാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദാര്‍ അല്‍-അഫ്ത വിമര്‍ശനവുമായി എത്തിയത്. മതപരമായ വിധിന്യായങ്ങള്‍ നടത്തുന്ന ദാര്‍ അല്‍-അഫ്തയുടെ പ്രഖ്യാപനമനുസരിച്ച് സ്ത്രീകളെയും പുരുഷന്മാരെയും ഇടകലര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാനനുവദിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്കെതിരാണ്. അതുകൊണ്ടു തന്നെ അവര്‍ പള്ളിയെ തള്ളിപ്പറയുകയും ചെയ്തു.

ഇസ്ലാമിസ്റ്റ് പുരോഹിതനായ ഫെത്തുള്ള ഗുലേനുമായി ബന്ധങ്ങളുള്ള തീവ്രവാദ സംഘമാണ് പള്ളി നടത്തുന്നതെന്ന് തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തു. 2016ല്‍ പ്രസിഡന്റ് എര്‍ദോഗനെതിരെയുണ്ടായ അട്ടിമറി ശ്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുലേന്‍ ആണെന്നാണ് തുര്‍ക്കിയുടെ വാദം.

ഗഥേ പള്ളിക്ക് ഗുലേന്‍ നീക്കവുമായി യാതൊരു ബന്ധവുമില്ലെന്ന് സെയ്റന്‍ ഒരു വീഡിയോ സന്ദേശമിറക്കിയെങ്കിലും അപവാദപ്രചരണം തുടരുകതന്നെ ചെയ്തു.

പള്ളിയുടെ പ്രവര്‍ത്തനത്തിനു പുറമേ സെയ്റന്‍ അറബിക് ക്ലാസ്സുകളെടുക്കുകയും അഭിഭാഷകയായി ജോലി നോക്കുകയും ചെയ്യുന്നു. മുസ് ലിം സമൂഹത്തിനിടയില്‍ അംഗീകരിക്കപ്പെടാന്‍ ഇസ്ലാമിക ദൈവശാസ്ത്രത്തില്‍ ബിരുദം നേടേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറയുന്നു.

“എനിക്ക് വാക്കുകള്‍ ശരിക്കു മനസ്സിലാക്കാനും അര്‍ത്ഥം കൃത്യമായി അറിയാനുമാകുന്ന അവസ്ഥയിലെത്തണം. ആരും എന്നെ നോക്കി, “ഇവളൊരു വക്കീല്‍ മാത്രമാ”ണെന്ന് പറയാനിടവരരുത്.”

തുര്‍ക്കിക്കാരിയായ മാതാവിന്റെയും കുര്‍ദിഷ് വംശജനായ പിതാവിന്റെയും മകളായി ഇസ്താംബൂളിലാണ് സെയ്റന്‍ ജനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്നടിഞ്ഞ ജര്‍മന്‍ സാമ്പത്തികവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി ആവശ്യമായിരുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിലാണ് സെയ്റനും കുടുംബവും ബെര്‍ലിനിലേക്ക് കുടിയേറുന്നത്.

ആറു വയസ്സുള്ളപ്പോള്‍ അവള്‍ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഒരു ഒറ്റമുറി ഫ്ളാറ്റിലേക്കു താമസം മാറി. പഠനത്തില്‍ മികവു പുലര്‍ത്തുകയും ജെര്‍മന്‍ പഠിക്കുകയും ചെയ്തിരുന്നു സെയ്റന്‍.

താന്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് തന്റെ ശരാശരിയിലും താഴ്ന്ന ജീവിത സാഹചര്യങ്ങള്‍ കാരണമല്ല, മറിച്ച് തന്റെ മതത്തില്‍ സ്ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ കാരണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് സെയ്റന്റെ കാഴ്ചപ്പാടുകള്‍ മാറാനാരംഭിച്ചത്.

“ഞാനൊരു സ്ത്രീയായിരുന്നു. എന്റെ കുടുംബത്തിന്റെ അഭിമാനം എന്റെ ശരീരത്തിലായിരുന്നു. എന്റെ തലച്ചോറിനേക്കാള്‍ കുടുംബത്തിനു പ്രധാനം എന്റെ കന്യാചര്‍മമായിരുന്നു.” സെയ്റ്റ് ഓണ്‍ലൈനിലെഴുതിയ കുറിപ്പില്‍ അവര്‍ പറയുന്നു.

പതിനേഴാം വയസ്സിലാണ് വ്യവസ്ഥിതികളോടു കലഹിച്ചുകൊണ്ട് സെയ്റന്‍ വീടുവിട്ടിറങ്ങുന്നത്. നിയമപഠനത്തോടൊപ്പം അവര്‍ വിമന്‍സ് സെന്ററില്‍ കൗണ്‍സിലറായും ജോലി നോക്കി.

1984ലാണ് കക്ഷികളോടു സംസാരിച്ചു നിന്നിരുന്ന സെയ്റാനെതിരെ കോട്ടുധാരിയായ ഒരാള്‍ മൂന്നു തവണ വെടിയുതിര്‍ത്തത്. വയറില്‍ തുളച്ചു കയറിയ ഒരു വെടിയുണ്ട കക്ഷിയുടെ മരണത്തിലാണ് കലാശിച്ചത്. മറ്റൊന്ന് സെയ്റാന്റെ കഴുത്തില്‍ തറഞ്ഞു കയറി.

സെയ്റാന്‍ അതും അതിജീവിച്ചു. എങ്കിലും, കുറ്റാരോപിതനായ തുര്‍ക്കിക്കാരനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ച്ചത് അവള്‍ക്കു സഹിക്കാനായില്ല. വര്‍ഷങ്ങളോളം ആ ആഘാതം സൃഷ്ടിച്ച മാനസിക പ്രശ്നങ്ങള്‍ അവളെ വിട്ടുപോയില്ല.

സെയ്റന്‍ സ്വമതത്തിലേക്ക് തിരിച്ചു വന്നെങ്കിലും, ബെര്‍ലിനിലെ യാഥാസ്ഥിതിക ആരാധനാലയങ്ങള്‍ അവളെ തീര്‍ത്തും ഒറ്റപ്പെടുത്തി. അവിടങ്ങളിലെല്ലാം സ്ത്രീകള്‍ ഒരു കര്‍ട്ടണു പിറകില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. തനിക്ക് ആവശ്യമുള്ള വിശ്വാസി സമൂഹം നിലവിലില്ലെങ്കില്‍, താനതു സൃഷ്ടിക്കും എന്ന് സെയ്റന്‍ ദൃഢനിശ്ചയം ചെയ്തു.

ആസൂത്രണത്തിനും സാമ്പത്തിക സഹായം കണ്ടെത്താനും സ്ഥലം തീരുമാനിക്കാനും വര്‍ഷങ്ങളാണ് എടുത്തത്. സ്വിറ്റ്സര്‍ലണ്ടിലും അമേരിക്കയിലുമുള്ള സമാനമനസ്‌കരുടെ സഹായം സെയ്റനു ലഭിച്ചു.

തങ്ങളുടെ സങ്കല്‍പത്തില്‍ മാത്രം നിലനിന്നിരുന്ന ഒരു ആരാധനാലയം കണ്ടെത്തുന്ന ഓരോ സന്ദര്‍ശകന്റെയും ആത്മസംതൃപ്തിയാണ് തന്റെ പ്രചോദനമെന്ന് സെയ്റന്‍ പറയുന്നു.