ചെറുപ്പത്തില്‍ മമ്മൂക്ക എന്നെ തിരിച്ചറിയണമെന്ന് ആഗ്രഹിച്ചു; ആ സിനിമയുടെ സെറ്റില്‍ അദ്ദേഹമെന്നെ വിളിച്ച് തൊട്ടടുത്ത കസേരയിലിരുത്തി: എ.എം. സിദ്ദിഖ്
Film News
ചെറുപ്പത്തില്‍ മമ്മൂക്ക എന്നെ തിരിച്ചറിയണമെന്ന് ആഗ്രഹിച്ചു; ആ സിനിമയുടെ സെറ്റില്‍ അദ്ദേഹമെന്നെ വിളിച്ച് തൊട്ടടുത്ത കസേരയിലിരുത്തി: എ.എം. സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th January 2024, 4:30 pm

മൂന്നാം ക്ലാസ് മുതല്‍ മമ്മൂട്ടി എന്ന നടനോട് ആരാധന തോന്നുകയും പിന്നീട് സംവിധായകനാകുകയും ചെയ്ത വ്യക്തിയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം. സിദ്ദിഖ്. അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍.എല്‍.ബി.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെ കുറിച്ച് പറയുകയാണ് എ.എം. സിദ്ദിഖ്. തന്റെ ചെറുപ്പം മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും ആരാധനാപാത്രങ്ങളായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ഒപ്പം മമ്മൂട്ടി എന്നെങ്കിലും തന്നെ തിരിച്ചറിഞ്ഞ് തന്റെ പേര് വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും പിന്നീട് ആ ആഗ്രഹം നടന്നന്നെും എ.എം. സിദ്ദിഖ് പറഞ്ഞു.

‘തനിയാവര്‍ത്തനം എന്ന സിനിമ ഷൂട്ട് നടക്കുന്ന സമയത്ത് എന്നെ മാത്രം വീട്ടില്‍ നിന്ന് ആ ഷൂട്ടിങ് കാണാന്‍ വിട്ടില്ല. എനിക്ക് ഒറ്റക്ക് പോകാനുള്ള പ്രായമായിട്ടില്ലെന്ന് ആയിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ ജേഷ്ടന്മാരെല്ലാം ഷൂട്ടിങ് കാണാന്‍ പോയിരുന്നു. അന്ന് ഒരുപാട് വിഷമം തോന്നി.

ചെറുപ്പം മുതല്‍ക്കേ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊക്കെ പറയുമ്പോള്‍ ആരാധനാ കഥാപാത്രങ്ങളാണ്. പിന്നെ പത്താം ക്ലാസിലോ മറ്റോ ആയപ്പോള്‍ എന്റെ മനസില്‍ ഒരു അഹങ്കാരം മൊട്ടിട്ടു. മമ്മൂക്ക എന്നെ കാണുമ്പോള്‍ ‘ഹായ് സിദ്ദിഖ്’ എന്ന് പറഞ്ഞ് വിളിക്കുന്നത് ഞാന്‍ സ്വപനം കണ്ടു.

ഇത്രയും വലിയ അഹങ്കാരം ആര്‍ക്കെങ്കിലും ഉണ്ടാകുമോ? എന്നെ കാണുമ്പോള്‍ മമ്മൂക്ക എന്നെ തിരിച്ചറിഞ്ഞ് എന്റെ പേര് വിളിക്കണമെന്ന് ആഗ്രഹിച്ചു. ആ ആഗ്രഹം 2013ല്‍ സാക്ഷാത്കരിച്ചു. ഫയര്‍മാന്‍ സിനിമയുടെ സെറ്റില്‍ അദ്ദേഹം ‘ആഹ് എന്താണ് സി.ഐ. വരൂ’വെന്ന് പറഞ്ഞ് എന്നെ അദ്ദേഹത്തിന്റെ അടുത്തുള്ള കസേരയില്‍ ഇരുത്തി.

അന്ന് സി.ഐ. ആയിരുന്നു ഞാന്‍. ഇപ്പോള്‍ 12 വര്‍ഷമായി അദ്ദേഹവുമായി നല്ല ബന്ധമാണ് എനിക്ക് ഉള്ളത്. ചെറുപ്പം മുതല്‍ക്കേയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമ. അന്നൊക്കെ ക്ലാസ് കട്ട് ചെയ്തിട്ട് ഒരുപാട് സിനിമ കാണാന്‍ ഞാന്‍ പോയിട്ടുണ്ട്,’ എ.എം. സിദ്ദിഖ് പറയുന്നു.

അതേസമയം, ശ്രീനാഥ് ഭാസിക്ക്, ലാലു അലക്‌സ്, സുധീഷ്, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന എല്‍.എല്‍.ബി. മുജീബ് രണ്ടത്താണിയാണ് നിര്‍മിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.


Content Highlight: A M Siddique Talks About Mammootty