തിരുവനന്തപുരം: സി.പി.ഐ നേതാവ് ആനി രാജക്ക് എതിരെയുള്ള ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണിയുടെ പരാമര്‍ശം അങ്ങേയറ്റം അപലപനീയം എ.ഐ.വൈ.എഫ്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഇടത് രാഷ്ട്രീയത്തിനുചേര്‍ന്നതല്ലെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
എം.എം. മണിയില്‍ നിന്ന് പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്. പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല ഇത്തരം പ്രയോഗങ്ങള്‍. സഭ്യമായ ഭാഷയില്‍ സംവാദങ്ങള്‍ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം. മണി സമൂഹത്തിനു നല്‍കുന്നത്. ഇത് തിരുത്തണം. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്താന്‍ എം.എം. മണി തയ്യാറാകണം. ആനി രാജക്ക് എതിരെ നടത്തിയ പരാമര്‍ശം എം.എം. മണി പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെടുന്നു.
കെ.കെ. രമക്കെതിരേ മണി നടത്തിയ വിധവാ പരാമര്‍ശത്തില്‍ ആനി രാജ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുമ്പോഴായിരുന്നു ആനി രാജക്കെതിരെ എം.എം. മണി സംസാരിച്ചത്. ‘അവര്‍ ദല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരായി മണി പറഞ്ഞത്.