കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനൊരുങ്ങി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മണ്ഡലത്തിലെ വിജയ സാധ്യത കണക്കിലെടുത്താണ് എ.ഐ.സി.സിയുടെ ഈ നിർബന്ധിത നിർദേശം.
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനൊരുങ്ങി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മണ്ഡലത്തിലെ വിജയ സാധ്യത കണക്കിലെടുത്താണ് എ.ഐ.സി.സിയുടെ ഈ നിർബന്ധിത നിർദേശം.
എന്നാൽ നിലവിൽ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും കെ. സുധാകരനെക്കൊണ്ട് നിർബന്ധിച്ച് ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നതിന് പിന്നിൽ കെ.പി.സി. സി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നതാണ് ഹൈക്കമാൻഡ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ . തെരഞ്ഞെടുപ്പിന് ശേഷം കെ. സുധാകരനെ മാറ്റണമെന്ന പൊതുധാരണ നേതൃതലത്തിലുണ്ട്. തെറിവിളിയുടെ കൂടി സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മറ്റൊരാൾക്ക് ചുമതല കൊടുക്കാനാണ് ആലോചന.
പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് കെ. സുധാകരൻ പലതവണ പറഞ്ഞിരുന്നു. കണ്ണൂരിലെ വിജയസാധ്യത മുൻനിർത്തിയാണ് സുധാകരനെ സ്ഥാനാർഥിയാക്കുന്നതിൽ ദേശീയ നേതൃത്വം തീരുമാനമെടുത്തത്.
എ.ഐ.സി.സിയുടെ നിർദേശത്തിൽ കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് സമിതി ഉടൻ തന്നെ തീരുമാനിക്കും. തൃശൂരിൽ നടന്ന കെ. പി. സി. സി തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാന പ്രകാരം കണ്ണൂരിലും ആലപ്പുഴയിലും ഇത്തവണ പുതുമുഖങ്ങളായിരിക്കുമെന്നാണ് ധാരണ. എന്നാൽ മറ്റിടത്ത് സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കാനുമാണ് തീരുമാനം.
ഇത്തവണ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ അറിയിച്ചതിനെ തുടർന്നാണ് രാഷ്ട്രീയ സമിതി ഇങ്ങനെയൊരു തീരുമാനം എടുത്തത്. കണ്ണൂരിൽ ശക്തനായ സ്ഥാനാർഥി വേണമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് നേതാക്കൾ പറയുന്നു.
എന്നാൽ വി.ഡി.സതീശനടക്കമുള്ളവരുടെ പരാതിയിൽ കെ.സുധാകരനെ മുൻനിർത്തി തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നാണ് അഭിപ്രായം. ആലപ്പുഴയിൽ നടത്തിയ അസഭ്യപ്രയോഗം എതിരാളികൾ ശക്തമായ അവസരമാക്കുകയാണ്. ഇത് പാർട്ടിക്ക് ഉണ്ടാക്കിയ നാണക്കേട് ചെറുതല്ലെന്നും ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്.
സി.പി.ഐ.എം ജില്ല സെക്രട്ടറി എം. വി ജയരാജനെ കണ്ണൂരിൽ തീരുമാനിച്ചതോടെയാണ് എം.വി ജയരാജനോട് ഏറ്റുമുട്ടാനും മണ്ഡലം നിലനിർത്താനും ഏറ്റവും യോഗ്യൻ കെ. സുധാകരൻ തന്നെയാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയത്. കണ്ണൂരിന് പുറത്തുള്ളയാളെ നിശ്ചയിച്ചാൽ അത് തിരിച്ചടിയാവും.
മറ്റൊരു സ്ഥാനാർഥി വന്നാൽ വിജയ സാധ്യതയിലുള്ള ആശങ്ക ജില്ലാ- സംസ്ഥാന കമ്മിറ്റി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും എം.പി പദവിയും ഒന്നിച്ച് കൊണ്ടുപോവൻ പ്രയാസ മുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരൻ ആദ്യം മത്സരത്തിന് ഇല്ലായെന്ന് അറിയിച്ചിരുന്നത്.
കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ കണ്ണൂരിൽ ഇത്തവണയും പോരാട്ടം മുറുകുമെന്ന് ഉറപ്പാണ്. തുടർച്ചയായ നാലാം അങ്കത്തിനാണ് സുധാകരൻ തയ്യാറെടുക്കുന്നത്.
Content Highlight: A.I.C.C has issued a mandatory order to Sudhakaran to re-contest in Kannur