ടോക്യോ: ജപ്പാനില്‍ 30 വര്‍ഷമായി ഒരു ആശുപത്രി കുടിവെള്ളമായി ഉപയോഗിച്ചിരുന്നത് ടോയ്‌ലറ്റിലേക്കുള്ള വെള്ളമായിരുന്നെന്ന് വാര്‍ത്ത. പൈപ്പ്‌ലൈന്‍ ബന്ധിപ്പിച്ചതിലുണ്ടായ പിഴവാണ് ഇത്ര ഗുരുതരമായ പ്രശ്‌നത്തിലേക്ക് നയിച്ചത്.
ജാപ്പനീസ് വാര്‍ത്താ മാധ്യമമായ യൊമ്യുറി ഷിംബുന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഒസാക്ക യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ശൗചാലയങ്ങളുമായി ബന്ധിപ്പിക്കേണ്ടിയിരുന്ന പൈപ്പ്‌ലൈന്‍ കുടിവെള്ള പൈപ്പുമായി ബന്ധിപ്പിച്ചതായി കണ്ടെത്തിയത്. ഇത്രയും വര്‍ഷങ്ങളായി ആര്‍ക്കും ഈ പിഴവ് മനസ്സിലായിരുന്നില്ല.
സര്‍വകലാശാലാ ക്യാംപസിനുള്ളില്‍ തന്നെ ഫാക്കല്‍റ്റി ഓഫ് മെഡിസിനോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ മാസം ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. ഈ കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടേക്ക് വരുന്ന വെള്ളത്തിന്റെ പൈപ്പ് മാറിയിരിക്കുകയാണെന്ന് മനസ്സിലായത്. ഒക്ടോബര്‍ 20ന് യൂണിവേഴ്‌സിറ്റി ഈ വിവരം പുറത്ത് വിട്ടിരുന്നു.
1993ല്‍ ആശുപത്രി നിര്‍മിച്ചപ്പോള്‍ പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിച്ചതില്‍ പറ്റിയ പിഴവാണ് 30 വര്‍ഷത്തോളം ആരും ശ്രദ്ധിക്കാതെ പോയത്. അന്ന് ടോയ്‌ലറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുമായി ആശുപത്രിയിലെ കുടിവെള്ള പൈപ്പ് ബന്ധിപ്പിക്കുകയായിരുന്നു.
അതേസമയം ഈ വെള്ളം ഉപയോഗിച്ചത് കാരണം ഇതുവരെ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2014 മുതല്‍ വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിച്ചതിന്റെ രേഖകളുണ്ടെന്ന് വ്യക്തമാക്കിയ യൂണിവേഴ്‌സിറ്റി, വെള്ളത്തിന്റെ നിറം, മണം, രുചി എന്നിവ ആഴ്ചയിലൊരിക്കല്‍ പരിശോധിച്ചിരുന്നു എന്നും പറയുന്നു.
എന്നാല്‍ പരിശോധനയില്‍ ഇക്കാര്യം കണ്ടെത്താന്‍ സാധിക്കാതിരുന്നതിന്റെ വിശദീകരണം അവര്‍ നല്‍കിയിട്ടില്ല. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി ക്ഷമാപണവും നടത്തി.
ഒസാക്ക യൂണിവേഴ്‌സിറ്റി ഗവേഷകനും ആശുപത്രി വൈസ് പ്രസിഡന്റുമായ കസുഹികൊ നകതനി ആണ് സംഭവത്തില്‍ മാപ്പ് പറഞ്ഞത്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.