അതേസമയം ആര്‍.എസ്.എസ് നേതാക്കളുമായി അജിത്ത് കുമാര്‍ ചര്‍ച്ച നടത്തിയ സംഭവത്തില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് സൂചന. ഇതേപ്പറ്റി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പി.വി അന്‍വര്‍ ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസ്, മാമി തിരോധാനം തുടങ്ങിയ ആരോപണങ്ങളെ ആസ്പദമാക്കിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം അജിത്ത് കുമാറിനെ നാല് മണിക്കൂറോളം ഡി.ജി.പി ചോദ്യം ചെയ്തതായാണ് വിവരം. എന്നാല്‍ ചോദ്യം ചെയ്യലില്‍ അജിത്ത് കുമാര്‍ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം തനിക്കെതിരായി പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അന്‍വറിനെതിരെ കേസ് എടുക്കണമെന്നും അജിത്ത് കുമാര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി അന്‍വറിനെതിരായ തെളിവുകളും അജിത്ത് കുമാര്‍ ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
ഇന്നലെ(വ്യാഴാഴ്ച) നടന്ന മൊഴി രേഖപ്പെടുത്തല്‍ പൂര്‍ണമായും വീഡിയോ ആയി ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം എ.ഡി.ജി.പിയുടെ വാദങ്ങളെ പൂര്‍ണമായും തള്ളി പി.വി അന്‍വര്‍ എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദബന്ധം ആരോപിക്കലാണ് അജിത്ത് കുമാറിന് എളുപ്പത്തില്‍ സാധിക്കുന്ന കാര്യം എന്ന് പറഞ്ഞ അന്‍വര്‍ ഈ കാര്യം താന്‍ പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേര്‍ത്തു.
‘ ഈ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ വരുമെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചതാണ്. ഇതിലൂടെ അജിത്ത് കുമാര്‍ തന്നെയാണ് ഈ മാഫിയകളുടെ തലവന്‍ എന്ന കാര്യം മനസിലായില്ലേ. എന്തായാലും രാവിലെത്തന്നെ വളരെ സന്തോഷകരമായ വാര്‍ത്തയാണ് ലഭിച്ചത്,’ പി.വി അന്‍വര്‍ പറഞ്ഞു.