പൊന്നാനി: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. കൊച്ചി സ്വദേശി അഡ്വ. അനൂപ് വി.ആര്‍ ആണ് പൊന്നാനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലവ് ജിഹാദും മാംസാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി.
എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബീഫ് നിരോധനത്തെയും ബി.ജെ.പി സര്‍ക്കാരിന്റെ ലവ് ജിഹാദ് നിയമനിര്‍മ്മാണത്തെയും പരോക്ഷമായി പിന്തുണച്ച് ഇ.ശ്രീധരന്‍ രംഗത്ത് എത്തിയത്. താനൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ ആണെന്നും ആളുകള്‍ മാംസം കഴിക്കുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഞാനൊരു വെജിറ്റേറിയനാണ്. മുട്ട പോലും കഴിക്കാറില്ല. അതുകൊണ്ട് തന്നെ ആളുകള്‍ മാംസം കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ലവ് ജിഹാദ് വിഷയങ്ങളെ സംബന്ധിച്ച്, കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ കാണുന്നുണ്ട്. വിവാഹത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ പിന്നീട് കഷ്ടപ്പെടുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും വിവാഹത്തിന്റെ പേരില്‍ കബളിപ്പിക്കപ്പെടുന്നു. അത്തരമൊരു കാര്യം എന്തായാലും ഞാന്‍ എതിര്‍ക്കും’ എന്നായിരുന്നു ശ്രീധരന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’ എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക