ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് യുവജന വിരുദ്ധവും നിരാശാജനകവുമാണെന്ന് ഡി.വൈ.എഫ.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി. ബജറ്റിന് ശേഷം ദല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരുടെയും പുതിയ തലമുറകളുടെയും ജീവിതച്ചെലവുകള്‍ വര്‍ധിപ്പിക്കുന്നതാണ് ബജറ്റ്. യുവാക്കള്‍ക്ക് യാതൊരു ആശ്വാസവും ബജറ്റില്‍ കാണുന്നില്ലെന്നും റഹീം പറഞ്ഞു.
ബജറ്റിനെതിരെ യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ സമരം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും റഹീം പറഞ്ഞു. ഭാവിക്കായി ലോകം മാറുമ്പോള്‍ ഇന്ത്യ പുതുതലമുറക്ക് വേണ്ടി എന്താണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. ഈ ബജറ്റില്‍ ഒരിടത്തും അണ്‍ എംപ്ലോയ്‌മെന്റ്(unemploymetnt) എന്ന പ്രശ്‌നത്തെ അഡ്രസ് ചെയ്തിട്ടേയില്ല. പാര്‍ലമെന്റില്‍ ഇടത് എം.പിമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞ പ്രധാനപ്പെട്ട കാര്യം വിവിധ കേന്ദ്ര സര്‍വീസില്‍ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടെന്നാണ്. ആ കാര്യം ഈ ബജറ്റില്‍ എവിടെയും തൊടുന്നില്ല.
യുവജനങ്ങളെ പരിഗണിച്ചിട്ടേയില്ല. വിദ്യാഭ്യാസ മേഖലയേയും ബജറ്റ് തൊടുന്നില്ല. വണ്‍ ക്ലാസ് വണ്‍ ടി.വി ചാനല്‍ വിപുലീകരിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇന്ത്യയില്‍ ഇത് നടപ്പാക്കുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡാണ് സംഭവിക്കാന്‍ പോകുന്നത്. ഡിജിറ്റല്‍ ഡിവൈഡിനെ അഡ്രസ് ചെയ്യുന്നുണ്ടോ, അതില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യത്തില്‍ 35 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്,’ റഹീം പറഞ്ഞു.
കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് നിരാശയാണ് നല്‍കിയതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പറഞ്ഞു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ബി.ജെ.പി ബജറ്റിന്റെ ഒരു ദശകം പിന്നിടുകയാണ്. ഇത്രകാലമായും ചെയ്യാന്‍ പറ്റാത്തതൊന്നും അവര്‍ക്ക് ഈ അവസാന നിമിഷം നല്‍കാനുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല’, അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.