തിരുവനനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എ എ റഹീം. കേരളം കാത്തിരുന്ന അറസ്റ്റാണ് ഇതെന്നാണ് റഹീം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം, റഹീം ഫേസ്ബുക്കിലെഴുതി.
‘പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തില്‍ നിന്നും ഈടാക്കണം. പാലം പൊളിഞ്ഞ വേഗതയില്‍ നിയമ നടപടികളും പൂര്‍ത്തിയാക്കണം.സാധാരണ അഴിമതി കേസുകളില്‍ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം. പാലാരിവട്ടം കേസില്‍ വളരെ വേഗതയില്‍ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതാര്‍ഹമാണ്. പാലാരിവട്ടം പാലം പകല്‍ കൊള്ളയാണ്. പ്രതികള്‍ക്ക് വേഗതയില്‍ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയില്‍ വേഗതയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിയമ സാധ്യത തേടണം’, റഹീം പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വീകെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം.
പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തില്‍ നിന്നും ഈടാക്കണം. പാലം പൊളിഞ്ഞ വേഗതയില്‍ നിയമ നടപടികളും പൂര്‍ത്തിയാക്കണം.
സാധാരണ അഴിമതി കേസുകളില്‍ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം. പാലാരിവട്ടം കേസില്‍ വളരെ വേഗതയില്‍ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതാര്‍ഹമാണ്
പാലാരിവട്ടം പാലം പകല്‍ കൊള്ളയാണ്. പ്രതികള്‍ക്ക് വേഗതയില്‍ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയില്‍ വേഗതയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിയമ സാധ്യത തേടണം.
ഇന്ന് രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ഇന്ന് അതിരാവിലെ തന്നെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘം വീട്ടില്‍ കയറി പരിശോധന നടത്തുകയും ചെയ്തു.
ഇതിന് പിന്നാലെ ലേക്ക്ഷോര്‍ ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.
2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി.
തുടര്‍ന്ന് 2019 മേയ് 1-ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.
പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.
ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.
പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക