ചെന്നിത്തലയുടേത് സ്ത്രീത്വത്തിനെതിരായ അധിക്ഷേപം; ഉണ്ണുന്നതും ഉറങ്ങുന്നതും ജനങ്ങളുടെ ചെലവിലാണ്, അത് ഓര്‍മവേണം: എ. എ റഹീം
Kerala News
ചെന്നിത്തലയുടേത് സ്ത്രീത്വത്തിനെതിരായ അധിക്ഷേപം; ഉണ്ണുന്നതും ഉറങ്ങുന്നതും ജനങ്ങളുടെ ചെലവിലാണ്, അത് ഓര്‍മവേണം: എ. എ റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 5:15 pm

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം.

രമേശ് ചെന്നിത്തലയുടെത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നും രമേശ് ചെന്നിത്തല പീഡനത്തെ ലളിത വല്‍ക്കരിക്കുകയാണെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും റഹീം പറഞ്ഞു.

‘പറയുന്നത് പ്രതിപക്ഷ നേതാവാണ്. എത്ര നെഗറ്റീവ് ആയ പരാമര്‍ശം ആണ് ഇദ്ദേഹം ഓരോ ദിവസവും ആവര്‍ത്തിക്കുന്നത്. മറ്റുള്ളവരൊക്കെ പീഡിപ്പിക്കുന്നു അതുകൊണ്ട് ഞങ്ങള്‍ക്കും ആകാം എന്ന് ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരുന്ന് പറയുകയാണ് അദ്ദേഹം,’ റഹീം പറഞ്ഞു.

ഡി.വൈ.എഫ്.ഐയെ സംബന്ധിച്ച ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെയും റഹീം പറഞ്ഞു.

‘ഇന്നത്തെ, താങ്കളുടെ പ്രതികരണം ഡി.വൈ.എഫ.്‌ഐയെ അല്ല, കേരളത്തിലെ സ്ത്രീത്വത്തിനെതിരായ അധിക്ഷേപമാണ്. പീഡിപ്പിച്ച പ്രതിയേക്കാള്‍, താങ്കള്‍ തരം താഴരുത്. ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്. ഉണ്ണുന്നത്, ഉറങ്ങുന്നത്, ജനങ്ങളുടെ ചിലവിലാണ്. ഓര്‍മ്മ വേണം,’ റഹീം പറഞ്ഞു.

യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടിയിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ വ്യക്തി യുവതിയെ പീഡിപ്പിച്ച സംഭവത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ജി.ഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അസോസിയേഷന്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍.ജി.ഒ അസോസിയേഷന്‍ ആളാണ് എന്നൊക്കെ. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്‍.ജി.ഒ യൂണിയനില്‍പ്പെട്ടായാളാണെന്നാണ് എനിക്ക് കിട്ടിയ വിവരം എന്നും ചെന്നിത്തല പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭരതന്നൂര്‍ സ്വദേശി പ്രദീപാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.

കൈകള്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടു. വായില്‍ തോര്‍ത്ത് മുണ്ട് തിരുകി കയറ്റിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറന്റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതി യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു.

യുവതിയെ പ്രദീപ് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: A A Rahim against the comment of Ramesh Chennithala over the controversial statement about DYFI and rape victim