ദല്‍ഹി സര്‍ക്കാരിലെ ഒമ്പത് ഉപദേശകരെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി
national news
ദല്‍ഹി സര്‍ക്കാരിലെ ഒമ്പത് ഉപദേശകരെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th April 2018, 7:31 pm

ന്യൂദല്‍ഹി: ദല്‍ഹി ആം ആദ്മി സര്‍ക്കാരിലെ ഒമ്പത് ഉപദേശകരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പുറത്താക്കി. മുതിര്‍ന്ന ആപ് നേതാക്കളായ അതിഷി മര്‍ലീന, രാഘവ് ചദ്ദ എന്നിവരടക്കമുള്ളവരുടെ നിയമനത്തിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്.

മര്‍ലീന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേതും ചദ്ദ ദല്‍ഹി ധനകാര്യ മന്ത്രിയുടെയും ഉപദേഷ്ടക്കളായിരുന്നു. അമര്‍ദീപ് തിവാരി, പ്രശാന്ത് സക്‌സേന, സമീര്‍ മല്‍ഹോത്ര, രജത് തിവാരി, രാം കുമാര്‍ ഝാ, അരുണോദയ് പ്രകാശ് എന്നിവരാണ് പുറത്താക്കപ്പെട്ടത്.

ഉപദേശകരെ നിയമിക്കുന്നതിനായി ദല്‍ഹി സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.


Read more: ‘അത്ഭുത ഗോളുമായി ഛേത്രി’; മോഹന്‍ ബഗാനെ രണ്ടിനെതിരെ നാലുഗോളിനു തകര്‍ത്ത് ബെംഗളൂരു എഫ്.സി സൂപ്പര്‍ കപ്പ് ഫൈനലില്‍; ഗോളുകള്‍ കാണാം


ദല്‍ഹി സര്‍ക്കാരിന്റെ “വിദ്യഭ്യാസ വിപ്ലവം” തടയുന്നതിനായാണ് കേന്ദ്രം അതിഷി മര്‍ലീനയെ പോലുള്ളവരെ പുറത്താക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതിന് വേണ്ടിയാണിതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.

ഇരട്ടപദവി വിവാദത്തില്‍ 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ദല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. അതു കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിനിടെയാണ് പുതിയ വിവാദം.