ന്യുദല്‍ഹി: പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനു പിന്നാലെ ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണയാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
ജമ്മു കശ്മീരില്‍ പി.ഡി.പിക്ക് ബി.ജെ.പി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോട മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ രാജിവെക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്യുകയായിരുന്നു.
ജമ്മുകശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം തുടരുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം രാം മാധവ് തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി യോഗം ചേര്‍ന്ന ശേഷമായിരുന്നു പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.
Read Also : കശ്മീര്‍ സഖ്യം പിരിയാന്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ കാരണങ്ങള്‍ ഇവയാണ്
ഇനിയൊരു സഖ്യ സര്‍ക്കാരിനുള്ള സാധ്യതയില്ലെന്ന് മറ്റു പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് ഭരണം ഇല്ലാതാവുകയായിരുന്നു.
രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. നേരത്തെ പി.ഡി.പിയുമായി സഖ്യത്തിലെത്തുന്ന വേളയിലും ബി.ജെ.പി ഇതു തന്നെയാണ് പറഞ്ഞിരുന്നത്.