ന്യൂദല്‍ഹി: കേന്ദ്ര തലത്തില്‍ പുതിയ മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പുതിയ സംഘങ്ങള്‍ രൂപീകരിക്കാനാണ് നീക്കം.
ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ പ്രൊഫഷണലുകളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ മന്ത്രിമാരുടെ 8 ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
77 മന്ത്രിമാരെ ഇത്തരത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് ഈ ടീമിലേക്ക് പ്രൊഫഷണലുകളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 9 മുതല്‍ 10 മന്ത്രിമാര്‍ വരെയുണ്ടാവുന്ന ഓരോ ഗ്രൂപ്പിന്റേയും ചുമതല ഒരു കേന്ദ്രമന്ത്രിമാര്‍ക്കായിരിക്കും.
സര്‍ക്കാരിന് കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കാനാണ് പുതിയ മാറ്റം നടപ്പാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പൂരി, നരേന്ദ്ര സിംഗ് തോമര്‍, പിയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി, അനുരാഗ് താക്കൂര്‍ എന്നിവര്‍ ഗ്രൂപ്പുകളുടെ ചുമതല വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട നേതൃത്വത്തില്‍ 5 മണിക്കൂര്‍ വരെ നീണ്ട യോഗങ്ങള്‍ക്ക് ശേഷമാണ് 8 ഗ്രൂപ്പുകളും രൂപീകരിച്ചത്.
യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായാണ് വിവരം. വ്യക്തിപരമായ കാര്യക്ഷമത ഉറപ്പാക്കാനും പരിപാടികള്‍ കൃത്യമായി നടപ്പാക്കാനും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം, ഓഹരി ഉടമകളുമായുള്ള ഇടപെടല്‍, പാര്‍ട്ടി ഏകോപനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചാവിഷയങ്ങളായി.
”ചിന്തന്‍ ശിവിര്‍സ്” (മസ്തിഷ്‌ക പ്രക്ഷാളനം) എന്ന് വിശേഷിപ്പിക്കപ്പെട്ട സെഷനുകളില്‍ അവസാനത്തേതില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും പങ്കെടുത്തു.
കേന്ദ്രത്തിന്റെ നയങ്ങളും പദ്ധതികളും മന്ത്രിമാരുടെ ഓഫീസിനെ അറിയിക്കാനായി എല്ലാ മന്ത്രിമാരുടെയും ഓഫീസുകളില്‍ ഒരു പോര്‍ട്ടല്‍ ഘടിപ്പിക്കാനും മന്ത്രിമാരുടെ ഓഫീസുകളുടെ തീരുമാനങ്ങള്‍ അറിയിക്കാനായി ഡാഷ് ബോര്‍ഡുകള്‍ സജ്ജീകരിക്കാനും തീരുമാനമായി. ഇതിന്റെ ചുമതല പുതുതായി രൂപീകരിക്കുന്ന ഈ ഗ്രൂപ്പുകള്‍ക്കായിരിക്കും.
ജില്ലകളുടെയും, സംസ്ഥാനങ്ങളുടെയും, മന്ത്രാലയങ്ങളുടെയും പ്രൊഫൈല്‍ ഉണ്ടാക്കി പദ്ധതികള്‍ രൂപീകരിക്കാനും ഈ ഗ്രൂപ്പുകള്‍ ചുമതലയുണ്ട്.
അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കനിരിക്കവേയാണ് കേന്ദ്രതലത്തിലെ ഈ മാറ്റം.