national news
ഗണേശോത്സവം കളറാക്കാന്‍ ലേസര്‍ ലൈറ്റ് ഉപയോഗിച്ചു; 65 പേര്‍ക്ക് കാഴ്ച നഷ്ടമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 14, 04:46 pm
Wednesday, 14th September 2022, 10:16 pm

മുംബൈ: ഗണേശോത്സവത്തിനിടെ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര കോലാപ്പൂര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗ വിദഗ്ധരുടെ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നുമാണ് നേത്രരോഗ വിദഗ്ധരുടെ സംഘടനാ നേതാവ് ഡോ. അഭിജിത് ടഗാരേ വ്യക്തമാക്കുന്നത്.

‘ലേസര്‍ ലൈറ്റുകള്‍ അടിച്ചുകൊണ്ടിരിക്കെ തന്നെ നിരവധി പേര്‍ മണിക്കൂറുകളോളം നൃത്തം ചെയ്തുകൊണ്ടിരുന്നിരുന്നു. ഇത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. ഇതാണ് പിന്നീട് ഇവരുടെ കാഴ്ച്ച ശക്തി നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചത്,’ ഡോക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം 65 പേര്‍ക്കാണ് കാഴ്ച്ച നഷ്ടമായത്. ഇവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരേ പറഞ്ഞു.
ലോസര്‍ ലൈറ്റുകളുടെ ഉപയോഗത്തെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാതെയാണ് മിക്ക സംഘാടകരും ഇവ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കണ്ണില്‍ നീര്, ക്ഷീണം, കണ്ണ് വരണ്ടിരിക്കുക, തലവേദന, കണ്ണെരിച്ചില്‍, എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഇത് ചികിത്സിക്കാന്‍ കഴിയും. സര്‍ജറി നടത്തേണ്ടി വരും. പക്ഷെ, ചികിത്സാച്ചെലവ് വളരെ കൂടുതലാണ്,’ ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ‘ലേസര്‍ ലൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനേക്കുറിച്ച് നിര്‍മാതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്സില്‍ താഴെ മാത്രമേ ആകാന്‍ പാടുള്ളൂ.

ലൈറ്റുകള്‍ ഒരേ സ്ഥലത്തേക്ക് തന്നെ കുറേ നേരം ഫോക്കസ് ചെയ്ത് വെയ്ക്കാന്‍ പാടില്ല. കണ്ണിലേക്ക് ലേസര്‍ അടിക്കരുത് തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയതാണ്. പക്ഷെ, ഓപ്പറേറ്റര്‍മാര്‍ പരിപാടിക്കിടെ പരമാവധി തീവ്രത കൂട്ടിയാണ് ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത്,’ ഡോ. അഭിജിത് ടഗാരേ കൂട്ടിച്ചേര്‍ത്തു.

Content Highlight: 65 people lost vision duw to use of laser lights in ganeshotsav