Middle East
ഗാസയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ വെടിവയ്പ്പ്; വിദ്യാര്‍ത്ഥി ഉള്‍പ്പടെ 5 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 06, 05:42 pm
Friday, 6th April 2018, 11:12 pm

ഗാസ സിറ്റി: ഗാസയില്‍ വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. കൗമാരക്കാരനടക്കം 5 പേര്‍ മരിച്ചതായി പാലസ്തീന്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 780 ഓളം പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഇതോടെ പ്രതിഷേധത്തിനിടെ ഇസ്രയേല്‍ വെടിയേറ്റ് മരിച്ചവരുടെ എണ്ണം 26 ആയി. 1600 ലധികം പേര്‍ക്കാണ് പരിക്കേറ്റത്. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിവയ്പ്പിന് പിന്നാലെ പുറമെ ജലപീരങ്കിയും കണ്ണീര്‍ വാതകങ്ങളും പ്രയോഗിച്ചു.

വെള്ളിയാഴ്ച നടന്ന ജാഥയ്ക്കിടെ ഇസ്രയേലി സ്‌നിപ്പര്‍മാരുടെ കാഴ്ച മറയ്ക്കാനായി പ്രതിഷേധക്കാര്‍ നൂറു കണക്കിന് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പുകമറയുണ്ടാക്കി. ആയിരക്കണക്കിന് പാലസ്തീന്‍ പൗരന്മാര്‍ സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമ്മേതമാണ് ജാഥയ്‌ക്കെത്തിയത്.

ഗാസയ്‌ക്കെതിരെയുള്ള ഇസ്രയേല്‍ ഉപരോധത്തില്‍ പ്രതിഷേധിച്ച് ആറാഴ്ച്ച നീളുന്ന പ്രക്ഷോഭത്തിന്റെ തുടക്കമായാണ് ഗാസ അതിര്‍ത്തിയിലേക്ക് പാലസ്തീന്‍ ജനത മാര്‍ച്ചിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. മെയ് 15 ന് “നഖ്ബ ദിന” ത്തില്‍ അവസാനിക്കുന്ന രീതിയിലാണ് മാര്‍ച്ച് ക്രമീകരിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് ഇസ്രയേലിനകത്തുള്ള സ്വന്തം നാടുകളിലേക്ക് തിരിച്ച് മടങ്ങാന്‍ അനുമതി നല്‍കണമെന്നാണ് മാര്‍ച്ചിന്റെ ആവശ്യം.