Kerala News
കാരക്കോണത്ത് 51 കാരി മരിച്ച സംഭവം; ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊന്നതെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 26, 10:30 am
Saturday, 26th December 2020, 4:00 pm

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്തെ 51കാരി ശാഖയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശാഖയെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുണിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടതെന്നാണ് അരുണ്‍ പറഞ്ഞത്.

ഭാര്യ മരിച്ച വിവരം അരുണാണ് അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ ശാഖയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.

രണ്ടുമാസം മുമ്പായിരുന്നു ശാഖയുടെയും അരുണിന്റെയും വിവാഹം. അരുണിന് 28 വയസ്സാണ് പ്രായം.

ശാഖയുടെ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണ് അരുണ്‍ വിവാഹത്തിന് സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉയര്‍ത്തിയിരുന്നു.

ഇരുവരും തമ്മില്‍ മുമ്പും വഴക്കുണ്ടായിരുന്നെന്നും ശാഖയെ കൊലപ്പെടുത്താന്‍ അരുണ്‍ മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശാഖ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിലും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ശാഖയുടെ വീട്ടിലെ ജോലി ചെയ്യുന്ന ഹോംനഴ്‌സ് പറഞ്ഞു.

ഈ ആരോപണങ്ങളെ തുടര്‍ന്നാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തു. ഇതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വീട്ടിനകത്ത് അലങ്കാര ബള്‍ബുകള്‍ക്കായി വൈദ്യുത മീറ്ററില്‍ നിന്നെടുത്ത കേബിളില്‍ നിന്നാണ് ഷോക്കേറ്റത്.

ഒരു മാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Karakkonam Murder