national news
നാഗാലാന്‍ഡിലും വെള്ളപ്പൊക്കം; കേന്ദ്രസഹായം എത്താത്തതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 04, 03:00 am
Tuesday, 4th September 2018, 8:30 am

കൊഹിമ: കേരളത്തിനു പിന്നാലെ വെള്ളപ്പൊക്കക്കെടുതിയിലായ നാഗാലാന്‍ഡിനു സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി നെയ്പിഹു റിയോ. സമൂഹമാധ്യമങ്ങള്‍ വഴിയാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കായി രാജ്യത്തിന്റെ സഹായം തേടിയത്. കേരളത്തിനു സമാനമായി വെള്ളപ്പൊക്കവും കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം വലിയ നഷ്ടങ്ങളാണ് നാഗാലാന്‍ഡിലുണ്ടായത്.

530 ഗ്രാമങ്ങളിലായി അമ്പതിനായിരത്തോളം പേരാണ് ഒരുമാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടു കഴിയുന്നത്. റോഡു ഗതാഗതം താറുമാറായതിനാല്‍ പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനാവാത്ത നിലയിലാണ് മിക്കയിടങ്ങളും. ദുരന്തത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും മൂവായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയും ചെയ്തു.

നേരത്തേ പ്രധാനമന്ത്രി നാഗാലാന്‍ഡിന് എല്ലാ വിധ സഹായസഹകണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം മൂന്നു ദിവസത്തേക്ക് സംസ്ഥാനത്തു ക്യാമ്പു ചെയ്യും. സെപ്തംബര്‍ 8 വരെ നാഗാലാന്‍ഡില്‍ തുടര്‍ന്ന് അവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.

 

Also Read: ബാബരി മസ്ജിദ് മുതല്‍ ആധാര്‍ വരെ: വിരമിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിധിപറയാനുള്ളത് സുപ്രധാന കേസുകളില്‍

 

മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന സംസ്ഥാനത്തെ പുനഃസൃഷ്ടിക്കാന്‍ എണ്ണൂറു കോടി അടിയന്തര ധനസഹായം വേണ്ടിവരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നും കാര്യമായ സഹായമെത്താതിരുന്നതോടെയാണ് മുഖ്യമന്ത്രി ട്വിറ്റര്‍ കുറിപ്പുമായി രംഗത്തെത്തിയത്.

വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ പെരേന്‍, നോക്‌സെന്‍, നോക്ലാക്, തോബു, ഫോകുംഗ്രി, വുസു, പോങ്ക്രോ, സെയോച്ചുരിഗ് എന്നിടങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആകാശമാര്‍ഗം അവശ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്.