ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം; 91 പേര്‍ക്ക് പരിക്ക്, അഞ്ച് മരണം
World News
ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം; 91 പേര്‍ക്ക് പരിക്ക്, അഞ്ച് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th June 2023, 11:19 pm

ഗാസ: ഫലസ്തീനിലെ ജെനിനിലുള്ള അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ഇസ്രാഈല്‍ സൈനിക ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തില്‍ 91 പേര്‍ക്ക് പരിക്കേറ്റെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു 15 വയസുകാരനായ കുട്ടിയും ഉള്‍പ്പെടും.

രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ റെയ്ഡ് നടത്തിയതെന്ന് ഇസ്രാഈല്‍ സൈന്യം പറഞ്ഞു. ഇതിനിടെ തങ്ങളുടെ സൈനികര്‍ക്ക് നേരെയാണ് ആദ്യം വെടിവെപ്പ് ഉണ്ടായതെന്നും തുടര്‍ന്ന് അത് വലിയ ഏറ്റുമുട്ടലിന് കാരണമായെന്നും ഇസ്രാഈല്‍ സൈന്യം ആരോപിച്ചു.

തുടര്‍ന്ന് ജെനിനിലെ തോക്കുധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതായി ഇസ്രാഈലിന്റെ സൈനികവക്താക്കള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകളും അപ്പാച്ചെ ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വന്‍ സ്‌ഫോടനങ്ങളും നടത്തിയിട്ടുണ്ട്.

ഈ മേഖലയില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സൈനിക ആക്രമണമാണിതെന്ന് അഭിഭാഷകനും മനുഷ്യാവകാശ കമ്മീഷനിലെ ഫീല്‍ഡ് ഗവേഷകനുമായ മുഹമ്മദ് കമാന്‍ജി പറഞ്ഞു. ‘ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ പ്രാന്തപ്രദേശങ്ങള്‍ അതിരാവിലെ മുതല്‍ ഇസ്രായേല്‍ സൈനിക റെയ്ഡുകളില്‍ വലയുകയാണ്.

ഇത് ഒരു വലിയ തോതിലുള്ള റെയ്ഡാണ്. സമീപ വര്‍ഷങ്ങളില്‍ വെച്ചേറ്റവും വലിയ സൈനിക റെയ്ഡാണിത്. പാരാമെഡിക്കുകള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ഇസ്രാഈല്‍ അധിനിവേശ സേന കടുത്ത അവകാശലംഘനങ്ങള്‍ നടത്തുകയാണ്,’ മുഹമ്മദ് കമാന്‍ജി അല്‍ ജസീറയോട് പറഞ്ഞു.

അതേസമയം, ഏറ്റവും പുതിയ ആക്രമണത്തോടുള്ള വിലയിരുത്താന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അടിയന്തര യോഗം വിളിച്ചു. ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പ് ആക്രമണത്തിനെതിരെ ഗാസ മുനമ്പില്‍ നിരവധി ഹമാസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. അഭയാര്‍ത്ഥി ക്യാമ്പിലെ താമസക്കാര്‍ക്ക് ഇവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ജെനിനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ ഗാസയിലെ ഹമാസ് വക്താവ് ഹസീം ഖാസിം അപലപിച്ചു. ജെനിനില്‍ നടത്തിയ ചെറുത്തുനില്‍പ്പിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

‘എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ചെറുത്തുനില്‍പ്പുകാര്‍ യുദ്ധക്കളത്തില്‍ ഒറ്റക്കെട്ടായിരുന്നു. വെസ്റ്റ് ബാങ്ക് നഗരങ്ങളില്‍ ഇപ്പോഴും പ്രതിരോധം നിലനില്‍ക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു. ഇസ്രാഈല്‍ അധിനിവേശ ഭീഷണികള്‍ക്ക് വെസ്റ്റ് ബാങ്കിലെ ചെറുത്തുനില്‍പ്പിനെ തടയാനാകില്ല,’ ഖാസിം അല്‍ ജസീറയോട് പറഞ്ഞു.

Content Highlights: 5 Palestinians dead and 91 have been injured in the Israeli military raid on Jenin