ന്യൂദൽഹി: ഒരാൾക്ക് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ആക്രമണത്തിന് തുല്യമല്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ജീവനക്കാരനെതിരെ ഐ.പി.സി സെക്ഷൻ 353 (ആക്രമണം) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ജീവനക്കാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ ഫയലുകൾ പരിശോധിക്കുന്നതിനിടെ മേലുദ്യോഗസ്ഥൻ അദ്ദേഹത്തോട് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിലെ വാദം കേൾക്കുകയായിരുന്നു കോടതി.
ഐ.പി.സി സെക്ഷൻ 353 (ആക്രമണം) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം ആക്രമണത്തെ വിവരിച്ചിരിക്കുന്ന സംഭവങ്ങളൊന്നും തന്നെ കേസിൽ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.
ആരെങ്കിലും ഒരു വ്യക്തിയെ അപായപ്പെടുത്താനായി എന്തെങ്കിലും ഒരു പ്രവർത്തി ചെയ്‌താൽ മാത്രമേ അത് ആക്രമണമാകൂ. അതിൽ മനഃപൂർവം കയ്യേറ്റം ചെയ്യുന്നതും ഉൾപ്പെടും. എന്നാൽ വാക്കുകൾ കൊണ്ടുള്ള ഭീഷണിയോ ആക്രോശമോ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.
‘പ്രസ്തുത പരാതിയിൽ അപേക്ഷകനെതിരെയുള്ള ഒരേയൊരു ആരോപണം അയാൾ ജീവനക്കാരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ്. ഇത് ഒരു കയ്യേറ്റത്തിന് തുല്യമാകില്ല. അതിനാൽ ഞങ്ങൾ ഈ അപ്പീൽ അനുവദിക്കുകയും അപ്പീലിനെതിരെ ആരംഭിച്ച മുഴുവൻ നടപടികളും റദ്ദാക്കുകയും ചെയ്യുന്നു,’ കോടതി നിരീക്ഷിച്ചു.