വിദഗ്ദ്ധ പരിശോധനയില്ലാതെ 320 പൈലറ്റുമാര്‍ വിമാനം പറത്തി: വ്യോമമന്ത്രി
Daily News
വിദഗ്ദ്ധ പരിശോധനയില്ലാതെ 320 പൈലറ്റുമാര്‍ വിമാനം പറത്തി: വ്യോമമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2015, 8:40 pm

flight-01ന്യൂദല്‍ഹി: 2014 ല്‍ വിദഗ്ദ്ധ പരിശോധനയില്ലാതെ 320 പൈലറ്റുമാര്‍ വിമാനം പറത്തിയതായി വ്യോമമന്ത്രി ഗജപതി രാജു. ലോകസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇവരുടെ വിദഗ്ദ്ധ പരിശോധന അസാധുവായതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ 219 പൈലറ്റുമാര്‍ സ്വാകാര്യ വിമാന കമ്പനികളിലും 101 പേര്‍ എയര്‍ ഇന്ത്യയിലുമാണ് ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ചയാണ് വ്യോമമന്ത്രി ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഓഡിറ്റ് പരിശോധനയിലാണ് ഈ നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സ് ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പൈലറ്റുമാരെ നിയമിച്ചിരുന്നത്.വിദഗ്ദ്ധ പരിശോധനയില്ലാത്ത 130 പേരാണ് 2014 ല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം പറത്തിയത്.

ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മൂന്നാം സ്ഥാനത്തുമാണ്. എയര്‍ ഇന്ത്യയുടെ വിമാനം 101 പൈലറ്റുമാരും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം 70 പേരുമാണ് ഇത്തരത്തില്‍ വിമാനം പറത്തിയിരിക്കുന്നത്. വിദഗ്ദ്ധ പരിശോധനയില്ലാത്ത 10 പേര്‍ സ്‌പെസ് ജെറ്റ് വിമാനവും പറത്തിയിട്ടുണ്ട്. ഒന്‍പത് പൈലറ്റുകളാണ് ഇന്‍ഡിഗോ വിമാനം പറത്തിയിരിക്കുന്നത്.

ഈ പൈലറ്റുമാര്‍ക്കെതിരെ ഡി.ജി.സി.എ എന്‍ഫോഴ്‌സ്‌മെന്റ് നടപടി എടുത്തതായും ലൈസന്‍സിന്മേലുള്ള അധികാരം റദ്ദ് ചെയ്യുക, മുന്നറിയിപ്പ് നോട്ടീസ് നല്‍കുക തുടങ്ങിയ ശിക്ഷാ നടപടികളാണ് സ്വീകിരിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.