അമൃത്സര്‍: ഇടവേളയ്ക്ക് ശേഷം പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കാണിച്ച് മന്ത്രിമാരുള്‍പ്പടെ 31 എം.എല്‍.എമാര്‍ രംഗത്തെത്തി.
മന്ത്രി ത്രിപത് രജീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് അമരീന്ദര്‍ സിംഗിനെതിരായ വിമതനീക്കം നടക്കുന്നത്. രജീന്ദറിന്റെ വസതിയില്‍ 31 എം.എല്‍.എമാരും ആറ് മുന്‍ എം.എല്‍.എമാരും യോഗം ചേര്‍ന്നു.
അഞ്ച് മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമുള്‍പ്പെട്ട ഒരു സംഘം ദല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാണുമെന്ന് മന്ത്രി ചരണ്‍ജിത് സിംഗ് ചാഹ്നി പറഞ്ഞു. എന്നാല്‍ അമരീന്ദറിനോട് നേരത്തെ പരസ്യമായി ഏറ്റുമുട്ടിയ പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
‘ഞങ്ങള്‍ ഉടന്‍ ദല്‍ഹിയിലെത്തി സോണിയാജിയെ കാണും. മുഖ്യമന്ത്രിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല,’ ചരണ്‍ജിത് സിംഗ് ചാഹ്നി പറഞ്ഞു.
46 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് യോഗത്തിന് അധ്യക്ഷത വഹിച്ച ത്രിപദ് ബജ്വ പറയുന്നത്. ഇവരില്‍ അമരീന്ദര്‍ ക്യാംപില്‍ ഉള്ളവരുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
സിദ്ദുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എന്നാല്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 അംഗങ്ങളാണുള്ളത്. ആം ആദ്മിയ്ക്ക് 20 ഉം ശിരോമണി അകാലിദളിന് 15 ഉം ബി.ജെ.പിയ്ക്ക് 3 ഉം അംഗങ്ങളാണ് പഞ്ചാബ് നിയമസഭയിലുള്ളത്.