ന്യൂദല്‍ഹി: പഞ്ചാബില്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍. വാരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും കെജ്‌രിവാള്‍ ഉറപ്പുനല്‍കി.
രണ്ട് ലൈറ്റുകളും ഫാനും ഉള്ള ഒരാള്‍ക്ക് പ്രതിമാസം 50,000 രൂപ വൈദ്യുതി ബില്ല് ആവുന്നുണ്ടെന്നും തെറ്റായ രീതിയാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇത്തരം രീതികള്‍ ഉടനടി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
” ഇത് കെജ്രിവാളിന്റെ വാഗ്ദാനമാണ്, ക്യാപ്റ്റന്റെ പാഴ് വാക്കല്ല. ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നു. 5 വര്‍ഷത്തിനുശേഷവും ക്യാപ്റ്റന്റെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. അതിനാല്‍, നിങ്ങള്‍ക്കത് സ്വയം കാണാന്‍ കഴിയും, ‘ കെജ്‌രിവാള്‍ പറഞ്ഞു.
പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്നാണ് നേരത്തെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.
വൈദ്യുതി ബില്‍ കൂടുന്നത് ഓരോ വീട്ടിലേയും സ്ത്രീകള്‍ക്കാണ് ഭാരമാകുന്നതെന്നും പഞ്ചാബിലെ എല്ലാ സ്ത്രീകളും ഇതില്‍ അസംതൃപ്തരാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.