രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തത് 30 മണിക്കൂര്‍; നേരിട്ടത് നൂറോളം ചോദ്യങ്ങള്‍
national news
രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തത് 30 മണിക്കൂര്‍; നേരിട്ടത് നൂറോളം ചോദ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2022, 11:30 pm

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ച ഒമ്പത് മണിക്കൂറാണ് രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായത്.

ഇതിനിടെ നൂറോളം ചോദ്യങ്ങള്‍ രാഹുലിന് നേരെ ഉയര്‍ന്നു എന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക രേഖകള്‍ കാട്ടിയും ഇ.ഡി രാഹുലിന് നേരെ ചോദ്യമുന്നയിച്ചെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയായിരുന്നു.

വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിനോട് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11.35നാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഇഡി ആസ്ഥാനത്തെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ രാഹുല്‍ വീണ്ടും ഇ.ഡി ആസ്ഥാനത്ത് മടങ്ങിയെത്തി.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴല്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ വാദം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയാ ഗാന്ധി കൂടുതല്‍ സമയം തേടിയേക്കും. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാല്‍ ദല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോണിയ.

അതേസമയം, രാഷ്ട്രീയ പകപോക്കല്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇ.ഡി ഓഫീസിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കിയിരുന്നു.