തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്സിന്‍ കേരളത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സൗജന്യ വാക്‌സിനേഷന്‍ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കൊവിഡ് വാക്സിന്‍ കേരളം കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ ഭാഗമായി ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് ധാരണയായത്.
ഇന്നെത്തിയ വാക്‌സിന് പുറമെ കൂടുതല്‍ വാക്സിന്‍ ഉടന്‍ എത്തുമെന്നും കെ.കെ ശൈലജ ഫേസ്ബുക്കിലെഴുതി.
18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങിയെതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. 18 വയസ് മുതൽ 45 വയസ്…
Posted by K K Shailaja Teacher on Monday, May 10, 2021
അതേസമയം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.