national news
തെരഞ്ഞെടുപ്പിന് നാല് നാള്‍ ബാക്കി; ഹിമാചലില്‍ മുന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 08, 06:10 am
Tuesday, 8th November 2022, 11:40 am

ഷിംല: ഹിമാചല്‍ പ്രദേശില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം ശേഷിക്കെയാണ് പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കള്‍ തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. എല്ലാവരും ഒരുമിച്ച് നിന്ന് സംസ്ഥാനത്ത് ചരിത്ര വിജയം നേടുമെന്ന് ജയ്റാം ഠാക്കൂര്‍ ഇതിന് പിന്നാലെ പ്രതികരിച്ചു.

മുന്‍ സെക്രട്ടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ ഠാക്കൂര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത അടക്കമുള്ള നേതാക്കളും ബി.ജെ.പിയില്‍ ചേര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാന. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബി.ജെ.പി നടത്തിയിരുന്നു.

ഉദ്യോഗാര്‍ഥികളെയും കര്‍ഷകരെയും ഉന്നമിട്ട് വമ്പന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അധികാരത്തില്‍ എത്തി ആദ്യ ക്യാബിനറ്റ് യോഗത്തില്‍ ഒരു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം എടുക്കും. കാര്‍ഷിക കമ്മീഷന്‍ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകള്‍ക്കും പ്രത്യേകം താങ്ങുവില തീരുമാനിക്കും, തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പട്ടികയിലുള്ളത്. നവംബര്‍ 12-നാണ് ഹിമാചലില്‍ വോട്ടെടുപ്പ്.

CONTENT HIGHLIGHT:  26 Congress leaders joined BJP in Himachal Pradesh