ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ 50 ശതമാനം വിവിപാറ്റ് പേപ്പര്‍ രസീതുകളും എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു. ഇ.വി.എം ഹാക്കത്തോണ്‍ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടക്കം അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് പ്രതിപക്ഷം സംയുക്തമായി ഈ നീക്കം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.
Read Also : മോഡി വേഴ്‌സസ് മതേതര മമത എന്ന് പറഞ്ഞാല്‍ ചരിത്രം ചിരിക്കും
കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (ടിഡിപി), ഡെറിക് ഒബ്രിയന്‍ (തൃണമൂല്‍), മജീദ് മേമന്‍ (എന്‍സിപി), രാംഗോപാല്‍ യാദവ് (എസ്പി), സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി), മുഹമ്മദ് സലീം (സിപിഎം), ഡി. രാജ (സിപിഐ), മനോജദ് ഝാ (ആര്‍ജെഡി), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം ബി.ജെ.പി ഉന്നതതല പ്രതിനിധി സംഘവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മമത സര്‍ക്കാര്‍ നിരന്തരമായി അനുമതി നിഷേധിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, എം പി ഭൂപേന്ദ്ര യാദവ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സംവിധാനമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി നിര്‍മല സീതാരാമന്‍ അറിയിച്ചു.