Sports News
'രോഹിത് ശര്‍മയുടെ കരിയര്‍ അവസാനിച്ചു'
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 20, 12:46 pm
Tuesday, 20th December 2022, 6:16 pm

തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കടന്നു പോയ്‌കൊണ്ടിരിക്കുന്നത്. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത് പാടെ നിരാശപ്പെടുത്തിയ വര്‍ഷമായിരുന്നു 2022.

ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലെയും ഇന്ത്യന്‍ ടീമിന്റെ പരാജയവും ഈയിടെ അവസാനിച്ച ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ തോല്‍വിയുമെല്ലാം രോഹിത്തിനെ തിരിഞ്ഞുകൊത്തുകയാണ്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ താരത്തിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പോലും ആരാധകര്‍ ആവശ്യമുന്നയിച്ചിരുന്നു.

ബാറ്റര്‍ എന്ന നിലിയിലും താരത്തിന് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ വര്‍ഷമാണ് 2022. ടി-20 ലോകകപ്പിലടക്കം രോഹിത് ശര്‍മ തിളങ്ങാതെ പോയതാണ് ഇന്ത്യക്ക് വിനയായത്.

2013ന് ശേഷം ഒരു വര്‍ഷത്തില്‍ രോഹിത്തിന്റെ പേരില്‍ ഒറ്റ സെഞ്ച്വറി പോലും കുറിക്കപ്പെടാത്ത വര്‍ഷം കൂടിയായിരുന്നു 2022. 2007ല്‍ കരിയര്‍ ആരംഭിച്ചതിന് ശേഷം ഇത്തരത്തില്‍ ഒറ്റ സെഞ്ച്വറി പോലും നേടാതെ പോകുന്നത് ഇത് ആറാം തവണ മാത്രമാണ്.

കരിയര്‍ ആരംഭിച്ച മൂന്ന് വര്‍ഷങ്ങളില്‍ ഹിറ്റ് മാന്റെ പേരില്‍ ഒറ്റ സെഞ്ച്വറി പോലും ഉണ്ടായിരുന്നില്ല. 2007, 2008, 2009 വര്‍ഷങ്ങളില്‍ ഒറ്റ തവണ പോലും മൂന്നക്കം കടക്കാന്‍ സാധിക്കാതെ പോയ രോഹിത് 2010ല്‍ രണ്ട് സെഞ്ച്വറി നേടിയിരുന്നു.

എന്നാല്‍ 2011, 2012 വര്‍ഷങ്ങളില്‍ താരം വീണ്ടും സെഞ്ച്വറിയില്ലാത്തവനായി മാറുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം മറ്റൊരു രോഹിത്തിനെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

2013ല്‍ നാല് സെഞ്ച്വറി തികച്ച് തിരിച്ചുവരവ് നടത്തിയ രോഹിത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലായിരുന്നു.

എന്നാല്‍ 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ രോഹിത്തിന്റെ പേരില്‍ ഒറ്റ സെഞ്ച്വറി പോലുമില്ലാതായിരിക്കുകയാണ്.

ഇന്ത്യക്ക് ഒരു ടെസ്റ്റ് മത്സരം കൂടി കളിക്കാന്‍ ബാക്കിയുണ്ടെങ്കിലും പരിക്കേറ്റതിന് പിന്നാലെ രോഹിത് ടീമില്‍ നിന്നും പുറത്താണ്. ഇതോടെയാണ് 2022ലെ സെഞ്ച്വറി മോഹം ബാക്കിയാക്കി രോഹിത് ഈ കലണ്ടര്‍ ഇയറിനോട് വിട പറയുന്നത്.

ഇതോടെ രോഹിത് ശര്‍മയുടെ കരിയറിന് വിരാമമായെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും ആ ഡോമിനേഷന്‍ തുടരാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്.

 

Content Highlight: 2022 is the worst year of Rohit Sharma’s career