ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി. സുപ്രീംകോടതിയിലാണ് സാകിയ ഇക്കാര്യം അറിയിച്ചത്.
വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി ഒരു അന്വേഷണവും നടത്താതെ എസ്.ഐ.ടി അംഗീകരിക്കുകയായിരുന്നെന്ന് സാകിയ ജാഫ്രിക്കായി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
ഇതിനെ അന്വേഷണമെന്ന് പറയാനാകുമോയെന്നും സിബല്‍ ചോദിച്ചു.
‘നീതിബോധമുള്ള അന്വേഷണ ഉദ്യോഗസ്ഥനോ ധര്‍മബോധമുള്ള ന്യായാധിപനോ ഒരിക്കലും തെളിവുകള്‍ നിരാകരിക്കാനാവില്ല,’ കപില്‍ സിബല്‍ പറഞ്ഞു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശരിയായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഭാവ്നഗറില്‍ മദ്രസ വിദ്യാര്‍ത്ഥികളെ അക്രമികളില്‍നിന്നും രക്ഷിച്ചത്. പൊലീസ് ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വംശഹത്യ ഇല്ലാതാക്കാമായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും ഹരജിയില്‍ സാകിയ ജാഫ്രി പറഞ്ഞു.
‘കലാപമുണ്ടായപ്പോള്‍ അഹമ്മദാബാദില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചില്ല. സൈന്യത്തെ വിളിക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. മുസ്‌ലീങ്ങളെ പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നത്,’ സിബല്‍ പറഞ്ഞു.