അഹമ്മദാബാദ്-ഗുവാഹത്തി സ്‌പൈസ് ജെറ്റിലെ രണ്ട് യാത്രക്കാര്‍ക്ക് കൊവിഡ്; ജീവനക്കാരും സഹയാത്രക്കാരും ക്വാറന്റീനില്‍
COVID-19
അഹമ്മദാബാദ്-ഗുവാഹത്തി സ്‌പൈസ് ജെറ്റിലെ രണ്ട് യാത്രക്കാര്‍ക്ക് കൊവിഡ്; ജീവനക്കാരും സഹയാത്രക്കാരും ക്വാറന്റീനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th May 2020, 8:10 am

ന്യൂദല്‍ഹി: അഹമ്മദാബാദില്‍നിന്നും ദല്‍ഹി വഴി ഗുവാഹത്തിയിലേക്ക് പോയ സ്‌പൈസ് ജെറ്റിലെ രണ്ട് യാത്രക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുവാഹത്തി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അന്നേദിവസം ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

‘മെയ് 25 ന് അഹമ്മദാബാദില്‍നിന്നും ഗുവാഹത്തിയിലേക്കുള്ള സ്‌പൈസ്‌ജെറ്റില്‍ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എസ്.ജി 8194, എസ്.ജി 8152 എന്നീ വിമാനങ്ങളില്‍ അഹമ്മദാബാദില്‍നിന്നും ദല്‍ഹിയിലേക്കും തുടര്‍ന്ന് ഗുവാഹത്തിയിലേക്കുമുള്ള വിമാനങ്ങളില്‍ യാത്ര ചെയ്തവരാണ് ഇവര്‍. ഗുവാഹത്തി വിമാനത്താവളത്തില്‍വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യാത്രക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് 27നാണ് പരിശോധനാ ഫലം പുറത്തുവന്നത്. രോഗികളോടൊപ്പം യാത്ര ചെയ്തവരെയും ജീവനക്കാരെയും സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ച് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്’, സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 24 മുതലാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് ആരംഭിച്ചത്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

സമാന സംഭവം ഇന്‍ഡിഗോ വിമാനത്തിലും എയര്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നൈയില്‍നിന്നും കോയമ്പത്തുരിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 25നായിരുന്നു ഇത്.

രാജ്യ തലസ്ഥാനത്തുനിന്നും ലുഥിയാനയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്ത ആള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജീവനക്കാരെയടക്കം 41 പേരെയാണ് എയര്‍ ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

.