2ജി സ്‌പെക്ട്രം: എ.രാജ പ്രധാനമന്ത്രിക്ക് അയച്ച കത്തുകള്‍ സാക്ഷി തിരിച്ചറിഞ്ഞു
India
2ജി സ്‌പെക്ട്രം: എ.രാജ പ്രധാനമന്ത്രിക്ക് അയച്ച കത്തുകള്‍ സാക്ഷി തിരിച്ചറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2012, 10:24 am

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രിയായിരുന്ന എ.രാജ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്തുകള്‍ സാക്ഷി തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസറായ പുഷ്‌പേന്ദ്ര കുമാര്‍ ശര്‍മയാണ് കത്തുകള്‍ തിരിച്ചറിഞ്ഞത്.

2007 നവംബര്‍ രണ്ടിനും ഡിസംബര്‍ 26നും രാജ പ്രധാനമന്ത്രിക്ക് അയച്ച കത്തുകളാണ് തിരിച്ചറിഞ്ഞത്. ദല്‍ഹിയില്‍ പ്രത്യേക കോടതില്‍ നടന്ന വാദം കേള്‍ക്കലിനിടെയാണ് പുഷ്‌പേന്ദ്ര കുമാര്‍ കത്തുകള്‍ തിരിച്ചറിഞ്ഞത്.[]

2011 മാര്‍ച്ച് 9 ന് ഇത് സംബന്ധമായി സി.ബി.ഐ ക്ക് താന്‍ കത്തെഴുതിയ കാര്യം അദ്ദേഹം പ്രത്യേക സി.ബി.ഐ ജഡ്ജ് ഒ.പി സൈനിയെ ബോധിപ്പിച്ചു.

മുന്‍ കേന്ദ്ര ടെലികോം  മന്ത്രി എ.രാജയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും തമ്മില്‍ 2ജി സ്‌പെക്ട്രം സംബന്ധിച്ച് നടത്തിയ കത്തിടപാടുകളുടെ പൂര്‍ണ്ണരൂപം doolnews.com ഡിസംബര്‍ 9 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന് ശേഷം ഡിസംബര്‍ 23 ന് ഹിന്ദുവും ഡിസംബര്‍ 24 ന് ദേശാഭിമാനിയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ടെലികോം സെക്രട്ടറിയേയും നിയമ- ധന മന്ത്രാലയങ്ങളേയും പ്രധാനമന്ത്രിയുടെ ഇടപെടലുകളേയും മറികടന്ന് 2ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കാന്‍ രാജ കാണിച്ച അമിതാവേശം  തെളിയിക്കുന്ന രേഖകളാണ് രാജ പ്രധാനമന്ത്രിക്ക് എഴുതിയ കത്തുകള്‍.

2ജി സ്‌പെക്ട്രം അനുവദിക്കുന്നതിനായി “ആദ്യം വരുന്നവര്‍ക്ക് ആദ്യം ” എന്ന രീതിയില്‍ ലൈസന്‍സ് അനുവദിക്കാനായിരുന്നു രാജയുടെ തീരുമാനം. 2001 ല്‍ നിശ്ചയിച്ച വിലയനുസരിച്ച് കമ്പനികളില്‍ നിന്ന് പണം ഈടാക്കാനായി രാജ ടെലികോം സെക്രട്ടറി മാത്തൂറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ഡി.എസ് മാത്തൂര്‍ ശക്തമായി എതിര്‍ത്തു. സുതാര്യവും മത്സരാതിഷ്ഠിതവുമായി വില നിശ്ചയിക്കണമെന്നും ലേലം നടത്തണമെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ അഭിപ്രായത്തെ രാജ പൂര്‍ണ്ണമായി അവഗണിക്കുകയും നിയമമന്ത്രാലയത്തില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാനായി ഫയല്‍ അയക്കുകയും ചെയ്തു. ഇതിനിടയില്‍ ധന മന്ത്രാലയത്തിലെ ചില ഉന്നതഉദ്യോഗസ്ഥര്‍ രാജയുടെ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവന്നു.

നിയമ മന്ത്രി എച്ച് ആര്‍ ഭരദ്വാജും രാജയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ത്തു. പദ്ധതിയെ തള്ളിക്കളഞ്ഞുകൊണ്ട് നിയമ മന്ത്രി ഫയല്‍ തിരിച്ചയച്ചു. മന്ത്രിതല സമിതി രൂപീകരിച്ച് 2ജി സ്‌പെക്ട്രം ലൈസന്‍സ് സുതാര്യമായും കാര്യക്ഷമമായും നടത്തണമെന്നായിരുന്നു നിയമ മന്ത്രാലയത്തിന്റെ ഉപദേശം.

എന്നാല്‍ ഫയല്‍ നിയമമന്ത്രാലയം വഴി “ക്ലിയര്‍” ചെയ്ത് കിട്ടാന്‍ വേണ്ടി കത്തയച്ച രാജതന്നെ ഈ കാര്യത്തില്‍ നിയമമന്ത്രാലയത്തിന് കാര്യമൊന്നുമില്ലെന്ന് കാട്ടി 2007 നവംബര്‍ 2ന് പ്രധാനമന്ത്രിക്ക് കത്തയച്ചു.