ജെറുസലേം: കഴിഞ്ഞ മൂന്നാഴ്ച്ക്കിടെ പത്ത് ലക്ഷത്തോളം ഫലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്‌തെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യൂ.എ). റഫയില്‍ ആക്രമണം ശകതമാക്കിയതാണ് പലായനം ചെയ്യാന്‍ ഫലസ്തീന്‍ പൗരന്‍മാരെ നിര്‍ബന്ധരാക്കിയത്.
കുതിര വണ്ടികളിലും മറ്റുമായി ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് റഫയില്‍ നിന്ന് പലായനം ചെയ്യുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം കനത്തതോടൊപ്പം റഫയില്‍ തുടരുന്ന പട്ടിണിയുമാണ് ആളുകളെ പലായനം ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് യു.എന്‍.ആര്‍.ഡബ്ല്യൂ.എ പറഞ്ഞു.
യുദ്ധം ശക്തമായതോടെ ആളുകള്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നത് അസാധ്യമായെന്ന് യു.എന്‍ ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. ആശുപത്രികളെല്ലാം തകര്‍ക്കപ്പെട്ടതോടെ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
ഞായറാഴ്ച രാത്രി റഫയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ ആഗോള രോഷത്തിന് ഇത് കാരണമായി.
ആക്രമണത്തില്‍ തങ്ങള്‍ മരിച്ച് പോയിരുന്നെങ്കില്‍ ഈ ദാരുണ സംഭവങ്ങള്‍ നേരില്‍ കാണേണ്ടി വരില്ലായിരുന്നുവെന്ന് റഫയിലെ ജനങ്ങള്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ റഫയില്‍ ഇന്നും ഇസ്രഈല്‍ സൈന്യം ആക്രമണം തുടരുകയാണ്. തെക്കൻ റഫയില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ 21പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ സ്ത്രീകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: 1M people flee Rafah in past 3 weeks amid ongoing Israeli incursion