ശ്രീലങ്കയില്‍ ഏഷ്യാ കപ്പ് നടക്കില്ല എന്ന് വിധിക്കുന്നവര്‍ ഈ കഥയൊന്ന് കേള്‍ക്കണം, ലങ്കയ്ക്ക് വേണ്ടി ഇന്ത്യയും പാകിസ്ഥാനും ഒരു ടീമായി കളിച്ച കഥ, ക്രിക്കറ്റിന്റെ അതിജീവനത്തിന്റെ കഥ
വര്‍ഷം 1996. ഇന്ത്യ-ശ്രീലങ്ക-പാകിസ്ഥാന്‍ എന്നിവര്‍ സംയുക്തമായി ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുകയാണ്. എന്നാല്‍ അതേ വര്‍ഷം തന്നെ ശ്രീലങ്കന്‍ സര്‍ക്കാറും തമിഴ് പുലികളും തമ്മില്‍ ആഭ്യന്തര കലഹമുണ്ടാകുന്നു. കലഹമെന്നതിലുപരി അതൊരു ആഭ്യന്തര യുദ്ധം എന്ന നിലയിലേക്ക് വഴിമാറുകയായിരുന്നു.
ലോകകപ്പ് തുടങ്ങുന്നതിന് 15 ദിവസം മാത്രം മുമ്പ് എല്‍.ടി.ടി.ഇ കൊളംബോയില്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 91 പേര്‍ മരിക്കുകയും 1400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതോടെ ശ്രീലങ്കയില്‍ വെച്ച് നടത്താനിരുന്ന കളികളെല്ലാം അനിശ്ചിതത്വത്തിലായി. വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ പോലുള്ള ടീമുകള്‍ ശ്രീലങ്കയില്‍ വന്ന് ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവര്‍ ശ്രീലങ്കയിലേക്കില്ല എന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍, ലോകകപ്പിന് വേണ്ടിയുള്ള എല്ലാ സുരക്ഷയും ഒരുക്കി നല്‍കാം എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വാക്കു നല്‍കിയിട്ടും ഓസീസും വിന്‍ഡീസുമടക്കമുള്ള ചില ടീമുകള്‍ ശ്രീലങ്കയിലേക്കില്ല എന്ന കടുംപിടുത്തം തുടര്‍ന്നു.
എന്നാല്‍, ഒരേസമയം ശ്രീലങ്കയേയും ക്രിക്കറ്റിനേയും രക്ഷിക്കാനുള്ള ചുമതല ലോകകപ്പിന്റെ മറ്റ് ആതിഥേയരായ ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു.
ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ലോകത്തിന് മുമ്പാകെ തെളിയിക്കുക മാത്രമായിരുന്നു ഏക പോംവഴി.
ഇതോടെയാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഇന്ത്യയും പാകിസ്ഥാനും ‘ഒത്തുകളിക്കാന്‍’ തീരുമാനിച്ചത്. 1989ന് ശേഷം ഒരു ബൈലാറ്ററല്‍ സീരീസ് പോലും കളിക്കാന്‍ കൂട്ടാക്കാത്ത ഇരുവരും ക്രിക്കറ്റ് സ്പിരിറ്റിനും ലങ്കയ്ക്കും വേണ്ടി കളത്തിലിറങ്ങുകയായിരുന്നു.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും കളിക്കാര്‍ ഒരുമിച്ച് ഒരു ടീമില്‍ നിന്നുകൊണ്ട് ശ്രീലങ്കയ്ക്കെതിരെ കളിക്കാന്‍ തീരുമാനിച്ചു, അതും തമിഴ് പുലികള്‍ ആക്രമണം നടത്തിയ അതേ കൊളംബോയില്‍ വെച്ചുതന്നെ.
സച്ചിനും അസറുദ്ദീനും കുംബ്ലെയും വസീം അക്രമും അന്‍വറും എല്ലാം ഒരു ടീമില്‍ കളിക്കുന്നു! ഇതില്‍ക്കൂടുതല്‍ ആരാധകര്‍ക്ക് മറ്റെന്ത് വേണം. വില്‍സ് സോളിഡാരിറ്റി കപ്പ് എന്നായിരുന്നു ആ ടൂര്‍ണമെന്റിന്റെ പേര്.
മുഹമ്മദ് അസറുദ്ദീനെ വില്‍സ് ഇന്ത്യ-പാക് ഇലവന്റെ ക്യാപ്റ്റനായി നിശ്ചയിച്ച് ടീം തയ്യാറാക്കി. അങ്ങനെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കമ്പൈന്‍ഡ് ഇലവന്‍ ശ്രീലങ്കയ്ക്കെതിരെ കളത്തിലിറങ്ങി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40 ഓവറില്‍ 9ന് 168 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ വില്‍സ് ഇലവന് സച്ചിനും സയ്യിദ് അന്‍വറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ വില്‍സ് ഇലവന്റെ നില പരുങ്ങലിലായി.
എന്നാല്‍ അജയ് ജഡേജ, റാഷീദ് ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് മികച്ച ചെറുത്തുനില്‍പ് നടത്തി. ആ ചെറുത്ത് നില്‍പ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 8 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 4 ലങ്കന്‍ വിക്കറ്റുകള്‍ കൊയ്ത കുംബ്ലെയായിരുന്നു കളിയിലെ താരം.
മത്സര ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ഇന്ത്യയ്ക്കും പാകിസ്ഥാനും നന്ദിയറിയിച്ചു. ‘ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ഇന്ത്യയും പാകിസ്ഥാനും ലോകത്തിന് കാണിച്ചുകൊടുത്തു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,’ രണതുംഗ പറഞ്ഞു.
ഇതോടെ സിംബാബ്‌വേ കെനിയ തുടങ്ങിയ ടീമുകള്‍ ലങ്കയിലെത്തി ലേകകപ്പ് ലീഗ് മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഇത്രയൊക്കെ നടന്നിട്ടും വിന്‍ഡീസും ഓസീസും തങ്ങളുടെ പഴയ പല്ലവി ആവര്‍ത്തിച്ചു. മത്സരങ്ങള്‍ കളിക്കാതെ വന്നതോടെ ലീഗ് ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് പോയിന്റ് ലഭിച്ചു. സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്ക ഫൈനലിലും പ്രവേശിച്ചു.
രണ്ടാം സെമിയില്‍ മത്സരിക്കാനുണ്ടായിരുന്നത് ലങ്കയില്‍ വന്ന് കളിക്കില്ല എന്ന് പറഞ്ഞ അതേ ഓസീസും വിന്‍ഡീസും. മൊഹാലിയില്‍ വെച്ച് നടന്ന രണ്ടാം സെമിയില്‍ കരീബിയന്‍ പടയെ കെട്ടുകെട്ടിച്ച് കങ്കാരുക്കള്‍ ഫൈനലിലേക്ക് കുതിച്ചു.
എന്നാല്‍ കാലത്തിന്റെ കാവ്യനീതിയായിരുന്നു ഫൈനലില്‍ കണ്ടത്. അര്‍ജുന രണതുംഗ നയിച്ച സിഹളവീര്യത്തിന് മുമ്പില്‍ അടിയറവ് പറയാനായിരുന്നു ദി മൈറ്റി ഓസീസിന്റെ വിധി.
തങ്ങളുടെ നാട്ടില്‍ വന്ന് കളിക്കില്ല എന്ന് ശാഠ്യം പിടിച്ച ഓസീസനെ തോല്‍പിച്ച് മധുരപ്രതികാരം പൂര്‍ത്തിയാക്കി ലങ്ക തങ്ങളുടെ കന്നിക്കിരീടം ഏറ്റുവാങ്ങി.
ഇത് ലങ്കയുടെ മാത്രം വിജയമായിരുന്നില്ല. ഇത് ക്രിക്കറ്റിന്റെ വിജയമായിരുന്നു. ക്രിക്കറ്റിനെയും തങ്ങളുടെ അയല്‍ക്കാരായ സുഹൃത്തുക്കളെ കൈപിടിച്ചുയര്‍ത്താനെത്തിയ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഒപ്പം സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ കൂടി വിജയമായിരുന്നു.
അതെ, ക്രിക്കറ്റ് ജെന്റില്‍മെന്‍സ് ഗെയിം തന്നെയാണ്.
Content Highlight: 1996 World Cup, India and Pakistan joins hand in Wills Cup against Sri Lanka to prove playing Sri Lanka is safe