Film News
ഞാനിനി മഹിയല്ല, സുല്‍ഫീക്കറെന്ന് ഷറഫുദ്ദീന്‍, ഇത് ലൗ ജിഹാദാണെന്ന് വിന്‍സി; 1744 വൈറ്റ് ഓള്‍ട്ടോയുടെ സ്‌നീക്ക് പീക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 10, 01:08 pm
Thursday, 10th November 2022, 6:38 pm

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 1744 വൈറ്റ് ആള്‍ട്ടോയുടെ സ്‌നീക് പീക്ക് പുറത്ത്. സ്‌നീക്ക് പീക്കിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്ത് വിട്ടിട്ടുണ്ട്. നവംബര്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അമ്മയുടെയും ഭാര്യയുടെയും വഴക്കിനിടയില്‍ പെട്ടുപോവുന്ന ഷറഫുദ്ദീന്റെ കഥാപാത്രത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനിടയ്ക്ക് ഈ പ്രശ്‌നം കീഴുദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്യുന്ന ഷറഫുദ്ദീനെയും കാണാം.

വീട്ടിലെ പ്രശ്‌നം തീര്‍ക്കാന്‍ ഒരു വിവാഹവും കൂടി കഴിക്കാനാണ് കീഴുദ്യോഗസ്ഥന്‍ കൊടുക്കുന്ന ഉപദേശം. തുടര്‍ന്ന് വന്ന മതം മാറാന്‍ പോവുകയാണെന്നും തന്റെ പേരിനി സുല്‍ഫീക്കറാണെന്നുമാണ് ഷറഫുദ്ദീന്‍ വീട്ടില്‍ പറയുന്നത്. ഇതുകേട്ട് ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിന്‍സി അലോഷ്യസ് ലൗ ജിഹാദാണ് ആ പോകുന്നതെന്ന് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍.ജെ. നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ശ്രീരാജ് രവീന്ദ്രന്‍ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അര്‍ജുനനും തിരക്കഥയില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: 1744 white alto sneak peak