അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ നില ഗുരുതരം; 24 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ
കൊച്ചി: ഹൃദയ ശസ്ത്രക്രിയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. അടിയന്തര ഹൃദയ ശസ്ത്രക്രിയക്കെത്തിച്ച കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ജനിച്ചപ്പോള്‍ മുതല്‍ കൂട്ടിയുടെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു കുട്ടിയുടെ ഹൃദയത്തില്‍ ദ്വാരമുണ്ടെന്നും ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയും ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുള്ളതായും ഡോ: കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.24 മണിക്കൂറിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ.
എന്നാല്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇവിടെ എത്താറുണ്ടെന്നും ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമുള്ള കുട്ടികള്‍ക്കുപോലും ഇവിടെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഡോ. കൃഷ്ണകുമാര്‍ പറയുന്നു.
പ്രായമല്ല, കുട്ടിയുടെ ആരോഗ്യാവസ്ഥയാണ് പ്രധാനമെന്നും ഇത്തരം അവസ്ഥയിലെത്തിയിട്ടുള്ള നിരവധി കുട്ടികളില്‍ ശസ്ത്രക്രിയ വിജയകരമായിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തിലും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സാധ്യമായ ഏറ്റവും മികച്ച സമയത്തുതന്നെയാണ് കുട്ടിയെ എത്തിക്കാനായതെന്നാണ് കരുതുന്നതെന്നും ഡോ. കൃഷ്ണകുമാര്‍ പറയുന്നു.
അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെത്തുന്നത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ വിഷയത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ആംബുലന്‍സില്‍ കാസര്‍കോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ഹസ്സന്‍ യാത്ര പുറപ്പെട്ടത്. ഉദുമ സി.എച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ട് പോകുന്നത്
കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ എയര്‍ലിഫ്റ്റിംഗ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് റോഡ് മാര്‍ഗം കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാന്‍ തീരുമാനിച്ചത്.