ന്യൂദൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെയും മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയുമുള്ള യു.എ.പി.എ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ. 13 നോർത്ത് അമേരിക്കൻ, കനേഡിയൻ പ്രവാസി സംഘടനകളാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
ജൂൺ 14ന് ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന, 2010ലെ യു.എ.പി.എ സെക്ഷൻ 45 പ്രകാരം അരുന്ധതിറോയിയെയും കശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസറായ ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു. വിദ്വേഷകരമായ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയത്.
അരുന്ധതി റോയിയെയും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തെ മോദിയുടെ സ്വേച്ഛാധിപത്യത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എന്നാണ് പ്രവാസി സംഘടനകൾ വിശേഷിപ്പിച്ചത്.
‘മോദിക്ക് ഭരണം നടത്തണമെങ്കിൽ സഖ്യ കക്ഷികളുമായി ധാരണയിലെത്തണം. സാധാരണ സംഭവങ്ങളിൽ, വിമതരോടുള്ള ഭരണകൂടത്തിൻ്റെ മോശം പെരുമാറ്റം ഇല്ലാതാവാൻ ഇത് വഴി വെക്കും. പക്ഷേ പഴഞ്ചൊല്ലിൽ പറയുന്നതുപോലെ, ഒരു പുള്ളിപ്പുലിക്ക് അതിൻ്റെ പാടുകൾ മാറ്റാൻ കഴിയില്ല. അതായത്, മോദി തൻ്റെ സ്വേച്ഛാധിപത്യ പ്രവണതകൾ കുറയ്ക്കാനുള്ള സാധ്യത കാണുന്നില്ല.
2024 ജൂൺ 14-ന് എഴുത്തുകാരി അരുന്ധതി റോയിക്കും പ്രൊഫസർ ഷൗക്കത്ത് ഹുസൈൻ ഷെയ്‌ഖിനുമെതിരെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലെഫ്റ്റനൻ്റ് ഗവർണർ സക്‌സേന നൽകിയതാണ് മോദിയുടെ സ്വേച്ഛാധിപത്യത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം,’ പ്രസ്താവനയിൽ പറയുന്നു.
കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ ഒപ്പിട്ട പ്രസ്താവനയിൽ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിൻ്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനും സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളായ തൃണമൂൽ കോൺഗ്രസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവയും അരുന്ധതി റോയ്‌ക്കെതിരെയും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയുമുള്ള കേസുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. വിമർശകരെ നിശ്ശബ്ദമാക്കാൻ ഇന്ത്യയിൽ തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിക്കുന്നതിനെക്കുറിച്ച് യു.എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Content Highlight: 13 Diaspora Groups Issue Statement Condemning UAPA Charges on Arundhati Roy, Showkat Hussain