കവരത്തി: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവിനനുകൂലമായി കളകടര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.
എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയായിരുന്നു കളക്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയാണെന്നും അനധികൃത കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചിട്ടുള്ളതെന്നും കളക്ടര്‍ പറഞ്ഞു.
ഇപ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ നുണപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി. കൂടാതെ ദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് അയോഗ്യതയെന്നും കളക്ടര്‍ പറഞ്ഞു.
എന്നാല്‍ കൊച്ചിയിലെത്തിയ കളക്ടറെ ഡി.വൈ.എഫ്.ഐ സി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കളക്ടറുടെ വിശദീകരണം ഏകകണ്ഠമായി സര്‍വ്വകക്ഷി യോഗം ഇന്നലെ തള്ളി. ബി.ജെ.പി ഉള്‍പ്പെട്ട യോഗമാണ് വിശദീകരണം തള്ളിയത്. ഇന്ന് വീണ്ടും സര്‍വ്വകക്ഷി യോഗം ചേരുന്നുണ്ട്.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയം തുടരുന്നതിനിടെയാണ് വിശദീകരണവുമായി കളക്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് ദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിരുന്നു. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
39 ഉദ്യോഗസ്ഥരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
15 സ്‌കൂളുകളുകള്‍ പൂട്ടാനും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാണിച്ചാണ് സ്‌കൂളുകള്‍ അടച്ചത്.