IPL
അവര്‍ക്കെതിരെ സണ്‍റൈസേഴ്‌സ് 300 റണ്‍സ് നേടും; വമ്പന്‍ പ്രവചനവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍
സ്പോര്‍ട്സ് ഡെസ്‌ക്
6 days ago
Tuesday, 25th March 2025, 7:35 pm

ഐ.പി.എല്ലിന്റെ പുതിയ സീസണിലും തങ്ങളുടെ വെടിക്കെട്ടിന് ഒരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരത്തിലെ പ്രകടനം. സ്വന്തം തട്ടകമായ ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സാണ് ഓറഞ്ച് ആര്‍മി അടിച്ചെടുത്തത്. മത്സരത്തില്‍ 44 റണ്‍സിന്റെ വിജയം നേടാനും സണ്‍റൈസേഴ്‌സിനായി.

സൂപ്പര്‍ താരം ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവിലാണ് സണ്‍റൈസേഴ്‌സ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇവര്‍ക്ക് പുറമെ ഹെന്‌റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ എന്നിവരുടെ ഇന്നിങ്‌സും സ്‌കോറിങ്ങില്‍ തുണയായി.

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് 300 റണ്‍സ് നേടുമെന്ന് പ്രവചിക്കുകയാണ് ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. മുംബൈ ഇന്ത്യന്‍സിനെതിരെയായിരിക്കും സണ്‍റൈസേഴ്‌സ് ഈ നേട്ടം സ്വന്തമാക്കുക എന്നും സ്റ്റെയ്ന്‍ അഭിപ്രായപ്പെടുന്നുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം ഈ പ്രവചനം നടത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ പേരെടുത്ത് പറയാതെയാണ് സ്റ്റെയ്‌നിന്റെ പ്രവചനം. ഏപ്രില്‍ 17ന് നടക്കുന്ന മത്സരം എന്നാണ് പോസ്റ്റില്‍ താരം കുറിച്ചിരിക്കുന്നത്. ഏപ്രില്‍ 17ന് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മുംബൈയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിന് പോലും 300 എന്ന മാജിക്കല്‍ നമ്പറിലെത്താന്‍ സാധിച്ചിട്ടില്ല. 287 റണ്‍സാണ് ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍. ഈ റെക്കോഡും സണ്‍റൈസേഴ്‌സിന്റെ പേരിലാണ്.

ഇത് മാത്രമല്ല, ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അഞ്ച് ടോട്ടലില്‍ നാലും സണ്‍റൈസേഴ്‌സിന്റെ പേരിലാണ് എന്നതും ശ്രദ്ധേയമാണ്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍

(ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സണ്‍റൈസേഴ്സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 287/3 2024

സണ്‍റൈസേഴ്സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് – 286/6 2025*

സണ്‍റൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 277/3 2024

കൊല്‍ക്കത്ത നൈറ്റ് റൈഡേ്സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 272/7 2024

സണ്‍റൈസേഴ്സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 266/7 2024

ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് തവണ മാത്രമാണ് ടീം ടോട്ടല്‍ 300 കടന്നത്. കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരെ ബറോഡ നേടിയ 349 ആണ് ടി-20യിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍

(ടീം – എതിരാളികള്‍ – സ്‌കേര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ബറോഡ – സിക്കിം – 349/5 – 2024

സിംബാബ്‌വേ – ഗാംബിയ – 344/4 – 2024

നേപ്പാള്‍ – മംഗോളിയ – 314/3 – 2023

ഇന്ത്യ – ബംഗ്ലാദേശ് – 297/6 – 2024

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 287/3 – 2024

സിംബാബ്‌വേ – സെയ്‌ചെല്ലെസ് – 286/5 – 2024

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് – 286/6 – 2025

ഇന്ത്യ – സൗത്ത് ആഫ്രിക്ക – 283/1 – 2024

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വിജയിച്ചാണ് സണ്‍റൈസേഴ്‌സ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. അതേസമയം, തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയും ചെയ്തിരുന്നു.

സ്റ്റെയ്‌നിന്റെ പ്രവചനം സത്യമാക്കി ഓറഞ്ച് ആര്‍മി 300 റണ്‍സ് നേടിയാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ചരിത്രം തന്നെയാകും തിരുത്തിക്കുറിക്കപ്പെടുക.

 

Content Highlight: IPL 2025: Dale Steyn predicts Sunrisers Hyderabad will score 300 runs against Mumbai Indians