Kerala News
'വാര്‍ഷിക പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം ആഘോഷ പരിപാടികള്‍ വേണ്ട' പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Tuesday, 25th March 2025, 7:12 pm

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷകള്‍ തീരുന്ന ദിവസം സ്‌കൂളുകളില്‍ ആഘോഷ പരിപാടികള്‍ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ക്കിടെ അതിരുകടന്ന അക്രമസംഭവങ്ങള്‍ നടന്നതായി മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത് ഒഴിവാക്കുന്നതിനായാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.

പരീക്ഷ തീരുന്ന ദിവസം/ മധ്യവേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന ദിവസം സ്‌കൂളുകളില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തുവാന്‍ പാടുള്ളതല്ല എന്നാണ് ആദ്യത്തെ നിര്‍ദേശം. ഇത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തികളില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുന്നില്ല എന്നത് അധ്യാപകര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും നിര്‍ദേശമുണ്ട്.

സ്‌കൂള്‍ അടയ്ക്കുന്ന ദിവസം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് പോകുന്നതിന് രക്ഷകര്‍ത്താക്കളുടെ സഹകരണം ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ ക്യാമ്പസിന് പുറത്ത് പൊലീസിന്റെ സഹായം തേടാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് 28നാണ് സ്‌കൂളുകള്‍ അടയ്ക്കുക. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാര്‍ച്ച് 27നും പത്താം ക്ലാസ് പരീക്ഷ 26നും ഹയര്‍ സെക്കണ്ടറി/വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പരീക്ഷ 29നുമാണ് അവസാനിക്കുക.

നേരത്തെ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ കുട്ടികള്‍ അച്ചടക്കം പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടത് ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അവധിക്കാല അധ്യാപക പരിശീലനം തുടങ്ങിയ വിഷയങ്ങളും ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ചര്‍ച്ച ചെയ്തിരുന്നു.

Content Highlight: ‘No celebrations on the day of the end of the annual exams’, orders the Director of General Education