Kerala News
പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച പന്ത്രണ്ടുകാരി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 05, 09:11 am
Monday, 5th September 2022, 2:41 pm

കോട്ടയം: പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച കുട്ടി മരിച്ചു. പെരുനാട് സ്വദേശി അഭിരാമി(12)യാണ് മരിച്ചത്. കോട്ടയം മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കാര്‍മല്‍ എഞ്ചിനീയറിങ് കോളേജ് റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം.

പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലും ശരീരത്തുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ കുട്ടിയുടെ ശരീരസ്രവങ്ങള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.