അഴിമതി, ലൈംഗികാരോപണം: 12 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായി കേന്ദ്ര ധനമന്ത്രാലയം
national news
അഴിമതി, ലൈംഗികാരോപണം: 12 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായി കേന്ദ്ര ധനമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 8:28 am

ന്യൂദല്‍ഹി: അഴിമതി, ലൈംഗിക ആരോപണങ്ങള്‍ നേരിട്ട 12 ഉന്നത ഉദ്യോഗസ്ഥരോടു നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തിറക്കി. ഇവരില്‍ എട്ടുപേര്‍ക്കെതിരെയുള്ളതു ഗുരുതരമായ അഴിമതിയാരോപണങ്ങളാണ്. ഇവ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

ആദ്യമായാണ് സര്‍ക്കാര്‍ ഇത്തരം കേസുകള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെടുന്നത്. ചീഫ് കമ്മീഷണര്‍മാര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍, കമ്മീഷണര്‍മാര്‍ എന്നീ പദവികള്‍ വഹിക്കുന്നവരാണ് കൂടുതലും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുമായ അശോക് അഗര്‍വാള്‍, അപ്പീല്‍ കമ്മീഷണര്‍ എസ്.കെ ശ്രീവാസ്തവ, റവന്യൂ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥനായ ഹോമി രാജ്‌വംശ് തുടങ്ങിയവര്‍ ഈ പട്ടികയില്‍പ്പെടും.

1999 മുതല്‍ 2014 വരെ അശോക് അഗര്‍വാള്‍ സസ്‌പെന്‍ഷനിലായിരുന്നു. 12 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചന്ദ്രസ്വാമിയെ സഹായിക്കാന്‍ വ്യവസായികളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും പണം ബലം പ്രയോഗിച്ചു വാങ്ങിയെന്നുമായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം.

രണ്ടു വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി അക്രമിച്ചെന്ന കേസില്‍ പ്രതിയാണു ശ്രീവാസ്തവ. നികുതിവെട്ടിപ്പ്, അഴിമതി തുടങ്ങിയ കേസുകളില്‍ പ്രതിയുമാണ്. മുന്‍ എം.പി ജയ് നാരായണ്‍ നിഷാദ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ശ്രീവാസ്തവയ്‌ക്കെതിരേ കേസെടുക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സുപ്രീംകോടതി, ദല്‍ഹി ഹൈക്കോടതി, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ എന്നിവിടങ്ങളിലായി ശ്രീവാസ്തവയ്‌ക്കെതിരേ 75 പരാതികളാണു ലഭിച്ചിട്ടുള്ളത്. തന്റെ ബാച്ചിലുള്ളവരുടെയും ജൂനിയേഴ്‌സിന്റെയും സ്ഥാനക്കയറ്റത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ തന്റെ പേരിലുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അയാള്‍ യു.പി.എസ്.സിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

അയാള്‍ക്കെതിരെയുള്ള എട്ട് കേസുകളില്‍ കോടതി ശിക്ഷ വിധിച്ചതാണ്. ചിലതില്‍ താക്കീതും, ചിലതില്‍ പിഴയുമാണു വിധിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മുന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കുമെതിരേ വ്യാജ ആരോപണം ഉന്നയിച്ചതിന് 15 ദിവസത്തെ ജയില്‍വാസവും ശ്രീവാസ്തവയ്ക്കു വിധിച്ചിരുന്നു.

അഴിമതിയിലൂടെ 3.17 കോടി രൂപയുടെ സ്വത്തുണ്ടാക്കിയെന്നാണ് രാജ്‌വംശിനെതിരായ ആരോപണം. ഈ കേസില്‍ അയാളെ അറസ്റ്റ് ചെയ്യുകയും സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായെങ്കിലും കേസില്‍ ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞും നടപടിക്രമങ്ങള്‍ വൈകിപ്പിച്ചും കഴിഞ്ഞ 10 വര്‍ഷമായി കേസ് നീട്ടിക്കൊണ്ടുപോകുകയാണ്.