ക്രിസ്ത്യൻ മതപരിവർത്തനം; ഉത്തർപ്രദേശിൽ വൈദികൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
national news
ക്രിസ്ത്യൻ മതപരിവർത്തനം; ഉത്തർപ്രദേശിൽ വൈദികൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 12:27 pm

ലഖ്‌നൗ: അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഉത്തർപ്രദേശിൽ വൈദികൻ അടക്കം 10 പേർ അറസ്റ്റിൽ.

മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് 16 പേർക്കെതിരെ വി.എച്ച്.പിയാണ് പരാതി നൽകിയത്. എന്നാൽ പത്ത് പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

മെത്ഡിസ്റ്റ് സഭയിലെ അംഗമായ മംഗളൂരു സ്വദേശി ഫാദർ ഡൊമിനിക് പിന്റുവാണ് പൊലീസ് അറസ്റ്റ് ചെയ്ത വൈദികൻ.

ഗ്രാമവാസികളെ കൂട്ടത്തോടെ മതം മാറ്റുന്നതെന്ന് വി.എച്ച്.പി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് പള്ളിയിൽ പരിശോധനയ്ക്കെത്തിയിരുന്നു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന 200ഓളം ഗ്രാമവാസികളിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പള്ളിയിൽ എന്തിനാണ് വരുന്നതെന്ന് പോലും പലർക്കും അറിയില്ലായിരുന്നു എന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഗ്രാമീണരെ രോഗം പ്രാർത്ഥിച്ചു സുഖപ്പെടുത്താമെന്ന് പറഞ്ഞ് പള്ളിയിൽ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

2021ൽ ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. നിയമപ്രകാരം പ്രത്യക്ഷമായോ പരോക്ഷമായോ മതപരിവർത്തനം നടത്തുന്നത് ശിക്ഷാർഹമാണ്. മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുമ്പ് കാര്യകാരണ സഹിതം ജില്ലാ മജിസ്ട്രേറ്റിന് മുമ്പിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്.

മധ്യപ്രദേശിലും വൈദികർക്കും പള്ളികൾക്കുമെതിരെ ഭരണകൂടം നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. മലയാളി വൈദികൻ വർഷങ്ങളായി നടത്തിവന്ന അനാഥാലയത്തിൽ നിന്ന് പെൺകുട്ടികളെ കാണാതായി എന്ന പരാതി പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വർഷങ്ങളായി നടന്നുവരുന്ന ഈ സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകാൻ അധികൃതർ തയ്യാറായില്ല.

പിന്നീട് നിയമവിരുദ്ധമായി സ്ഥാപനം നടത്തുന്നു എന്ന കുറ്റത്തിന് വൈദികനെ അറസ്റ്റ് ചെയ്തിരുന്നു.

CONTENT HIGHLIGHT: 10 Including priest arrested in UP for Religious conversion